വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് മാർ പുന്നക്കോട്ടിൽ
1437002
Thursday, July 18, 2024 6:45 AM IST
കോട്ടപ്പടി: കേരളത്തിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ബിഷപ് മാർ. ജോർജ് പുന്നക്കോട്ടിൽ. കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ 75 ജൂബിലി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാർ പുന്നക്കോട്ടിൽ.
ഓരോ ദിവസവും വന്യജീവി ശല്യം കൂടുന്നു. ഓരോ വർഷം ചൊല്ലും തോറും ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടുമാകുന്നു. ജനപ്രതിനിധികൾ ഈ വിഷയം ഗൗരവമായി പഠിക്കണമെന്നും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കാൻ അനുവദിക്കരുതെന്നും മാർ പുന്നക്കോട്ടിൽ പറഞ്ഞു.
വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും മുഖ്യപ്രഭാഷണം നടത്തിയ ആന്റണി ജോൺ എംഎൽഎയും പറഞ്ഞു. ശാസ്ത്രീയമായ പരിഹാര മാർഗങ്ങൾ തേടി ജനങ്ങളെ രക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം: കത്തോലിക്ക കോൺഗ്രസ്
കോതമംഗലം: വന്യമൃഗശല്യം മൂലം നീണ്ടപാറ, ചെമ്പൻകുഴി, കാഞ്ഞിരവേലി എന്നീ പ്രദേശങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച കർഷകർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ് നീണ്ടപാറ യൂണിറ്റ് രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് രൂപതാ പ്രസിഡന്റ് സണ്ണി കടുത്താഴെ ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജോൺ ഓണേലിൽ, രൂപതാ സമിതിയംഗം ജിജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി ഫാ. ജോൺ ഓണേലിൽ- ഡയറക്ടർ, തോമസ് പാറങ്കിമാലിൽ-പ്രസിഡന്റ്, സ്വപ്ന സജി മോളേൽ-വൈസ് പ്രസിഡന്റ്, സേവ്യർ കുന്നപ്പിള്ളി-സെക്രട്ടറി, ബീന സിബി ചേലയ്ക്കൽ-ജോയിന്റ് സെക്രട്ടറി, മാർട്ടിൻസ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.