ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വീടുകൾ പോലീസ് നിരീക്ഷിക്കുന്നു
1435932
Sunday, July 14, 2024 4:53 AM IST
ആലുവ: വീടുകളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങൾ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ പോലീസ് ശേഖരിക്കുന്നു. ഇത്തരം വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കാനാണ് വിവരശേഖരണമെന്ന് റൂറൽ എസ്പി അറിയിച്ചു.
ആലുവയിൽ ജില്ലാ പോലീസ് മേധാവി വിളിച്ചു ചേർത്ത റസിഡന്റ്സ് അസോസിയേഷനുകളുടെ ജില്ലാതല യോഗത്തിലാണ് ഈ തീരുമാനം. നിരവധി കേസുകളിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായതിനാൽ കൂടുതൽ നിരീക്ഷണ കാമറകൾ അസോസിയേഷനുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
സൈബർ തട്ടിപ്പ്, മയക്ക് മരുന്ന് വ്യാപനം എന്നിവക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. കലാലയങ്ങളിലും വിദ്യാലയങ്ങളിലും സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, എഎസ്പി, ഡിവൈഎസ്പിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.