ട്രിപ്പ് മുടക്കി ബസുകൾ : രാത്രി സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു
1435922
Sunday, July 14, 2024 4:43 AM IST
കിഴക്കമ്പലം : രാത്രി 8.30 ന് ശേഷം എറണാകുളം, ആലുവ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നും പൂക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര, പട്ടിമറ്റം, കരിമുകൾ ഭാഗങ്ങളിലേക്ക് ബസ് സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
പുലർച്ചെ 6.35 ന് ശേഷമാണ് തൃപ്പൂണിത്തുറയിൽ നിന്നും കരിമുകൾ വഴി ആലുവ ഭാഗത്തേക്ക് ബസുകളുള്ളത്. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പോയി വരുന്നതിനും അകലങ്ങളിൽ നിന്നു വരുന്ന യാത്രക്കാർക്കുമാണ് ബസില്ലാത്തത് ഏറെ ദുരിതമാകുന്നത്.
വ്യവസായ മേഖലയായ കിഴക്കമ്പലം, പള്ളിക്കര, കരിമുകൾ, അമ്പലമുകൾ എന്നിവിടങ്ങളിലേക്ക് ആലുവ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളിൽ രാത്രിയിറങ്ങുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് ബസ് കിട്ടാറില്ല.
യാത്രക്കാർ കൂടുതൽ തുക നൽകി ടാക്സികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മഴ ശക്തമായതോടെ ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങളും കിട്ടുക പ്രയാസമാണ്. വർഷങ്ങൾക്ക് മുമ്പ് രാത്രി 10.50 ന് ആലുവയിൽ നിന്നും അമ്പലമുകളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നതാണ്. പിന്നീട് അത് നിർത്തലാക്കിയത് യാത്രക്കാരെ ഏറെ വലച്ചു.
മൂവാറ്റുപുഴയിൽ നിന്നും കലൂരിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ ബസുകൾ ഓടാനുള്ള പെർമിറ്റനുവദിച്ചിട്ടില്ല. രാത്രി 9.30 വരെ ആലുവയിൽ നിന്നും കിഴക്കമ്പലം വഴിയുള്ള സ്വകാര്യ ബസുകൾ ഉണ്ടെങ്കിലും ഇടയ്ക്ക് വച്ച് ട്രിപ്പ് കട്ട് ചെയ്യുകയാണ്.
യാത്രക്കാരുടെ ദുരിതം മനസിലാക്കി ജനപ്രതിനിധികൾ രാത്രികാല സർവീസ് പുനസ്ഥാപിക്കുകയോ അല്ലെങ്കിൽ ആലുവ, തൃപ്പൂണിത്തുറ റൂട്ടിൽ കെഎസ് ആർടിസി സർവീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.