നഷ്ടപ്പെട്ട മൊബൈല്‍ തിരികെ കിട്ടി, വിദേശത്ത് പോകാനിരുന്ന നഴ്സിന് ജീവിതവും
1435919
Sunday, July 14, 2024 4:31 AM IST
കൊച്ചി: നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ തിരികെ കിട്ടിയപ്പോൾ ദിവ്യയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. രണ്ടാഴ്ചയ്ക്കകം ന്യൂസിലാൻഡിലേക്ക് പോകാനിരിക്കുന്ന തൃശൂർ സ്വദേശിനി ദിവ്യ തിലകന്റെ ജോലി സംബന്ധമായ സകല രേഖകളും ഈ ഫോണിലാണ് സൂക്ഷിച്ചിരുന്നത്.
പോലീസിൽ നല്കിയ പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും ലഭിച്ച ഫോൺ ഓട്ടോഡ്രൈവർ പോലീസ് സ്റ്റേഷനിൽ എൽപ്പിക്കുകയായിരുന്നു.
മാതാപിതാക്കള്‍ക്കൊപ്പം കൊച്ചിയില്‍ ഷോപ്പിംഗിനായി വന്നപ്പോഴാണ് വെള്ളിയാഴ്ച വൈകുന്നേരം ആറോടെ ദിവ്യയുടെ മൊബൈൽ ഫോൺ നഷ്ടമായത്. അബുദാബിയില്‍ നഴ്സായിരുന്ന ദിവ്യ രണ്ടാഴ്ചയ്ക്കകം ന്യൂസിലാന്‍ഡിലെ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് ലഭിച്ച അറിയിപ്പ് ഉള്‍പ്പെടെയുള്ള രേഖകളും മറ്റ് വിവരങ്ങളുമെല്ലാം ഈ ഫോണിലാണ് സൂക്ഷിച്ചിരുന്നത്. ഷോപ്പിംഗിനു ശേഷം കെഎസ്ആര്‍ടിസി ബസില്‍ കയറി ഇരിക്കുന്പോഴാണ് ഫോണ്‍ നഷ്ടമായ വിവരം യുവതി അറിയുന്നത്. പരിഭ്രാന്തയായ യുവതിയും കുടുംബവും ഉടന്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരം അറിയിച്ചു.
മേനകയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോറിക്ഷയിലാണ് യുവതിയും കുടുംബവും എത്തിയത്. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. അനൂപിന്റെ നേതൃത്വത്തില്‍ എഎസ്ഐ യു.കെ. സുരേഷ്, സിപിഒ ആന്റണി എന്നിവര്‍ ഫോണിനായുള്ള അന്വേഷണം ആരംഭിച്ചു.
ഫോണിന്റെ ലൊക്കേഷന്‍ എടുത്തപ്പോള്‍ വല്ലാര്‍പാടമാണ് കാണിച്ചത്. അന്വേഷണം നടക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ വല്ലാര്‍പാടം സ്വദേശി ജയകുമാര്‍ തന്റെ ഓട്ടോറിക്ഷയില്‍ നിന്നും കണ്ടെത്തിയ ഫോണുമായി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി.
ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയ ജയകുമാര്‍ മകളുമായി ഓട്ടോയില്‍ പുറത്തേക്കു പോകവേയാണ് ശബ്ദം കുറച്ചിട്ടിരുന്ന ഫോണ്‍ മകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനിടെ പോലീസ് ആ നമ്പറിലേക്ക് പല തവണ ബന്ധപ്പെട്ടിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ ദിവ്യയ്ക്ക് ഫോണ്‍ കൈമാറി.