ഫോർട്ടുകൊച്ചിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു
1435639
Saturday, July 13, 2024 3:42 AM IST
15 യാത്രക്കാർക്ക് പരിക്കേറ്റു
മട്ടാഞ്ചേരി: ഫോർട്ടുകൊച്ചിയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഫോർട്ട്കൊച്ചി വെളി മാന്ത്ര പാലത്തിന് സമീപമാണ് അപകടം നടന്നത്.
ഫോർട്ടുകൊച്ചിയിൽ നിന്ന് ഇടക്കൊച്ചിയിലേക്ക് പോകുകയായിരുന്ന അലീന ബസും പൂക്കാട്ടുപടിയിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരികയായിരുന്ന സിംസാര ബസും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അലീന ബസ് വെളിയിൽ നിന്ന് പുറപ്പെടവേ മാന്ത്ര പാലത്തിൽ നിന്ന് അമിത വേഗതയിൽ എത്തിയ സിംസാര ബസ് നിയന്ത്രണം വിട്ട് അപകടം വരുത്തുകയായിരുന്നു.
നിയന്ത്രണംവിട്ട സിംസാര ബസ് ശശികല ചെല്ലപ്പൻ എന്ന വ്യക്തിയുടെ വീടിന്റെ ഗേറ്റ്് തകർത്തശേഷം അലോഷ്യസ് എന്നയാളുടെയും വീടിന്റെ മതിലിലും ഇടിച്ച് വൈദ്യുതി പോസ്റ്റും തകർത്ത ശേഷമാണ് അലീന ബസിൽ ഇടിച്ചത്.
അപകടത്തിൽ ഇരു ബസുകളുടേയും മുൻവശം തകർന്ന നിലയിലാണ്. അപകടത്തിൽ ഇരു ബസുകളിലുമുണ്ടായിരുന്ന പതിനഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു.
ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി സ്വദേശികളായ ഷൈമ(17), നസീമ(60), ശ്രീകല(59), ഫിർസാന(18), വൈശാഖ്(23), യമുന(70), ഉമാദേവി(60),ഗായത്രി(20), ഷംല(46) എന്നിവർ ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിലും മിർഷ(18) മട്ടാഞ്ചേരി സംഗീത് ആശുപത്രിയിലും അലീന ബസിലെ ഡ്രൈവറായ സാജു പീറ്റർ, കണ്ടക്ടർ സുരേഷ് എന്നിവർ കരുവേലിപ്പടി സർക്കാർ ആശുപത്രിയിലും ചികിത്സ തേടി.
നിസാര പരിക്കേറ്റവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.സംഭവത്തിൽ ഫോർട്ടുകൊച്ചി പോലീസ് കേസെടുത്തു.