യാത്രക്കാരുടെ വര്‍ധന : അധിക സര്‍വീസുമായി കൊച്ചി മെട്രോ
1435631
Saturday, July 13, 2024 3:28 AM IST
കൊച്ചി: യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ അധിക ട്രെയിന്‍ സര്‍വീസ് ഒരുക്കാന്‍ കൊച്ചി മെട്രോ. നിലവില്‍ 12 ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഇത് 15 ആയി ഉയര്‍ത്തും. കഴിഞ്ഞ പത്തു ദിവസത്തിനിടെ പ്രതിദിനം മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞതോടെയാണ് സര്‍വീസ് വര്‍ധിപ്പിക്കാനുള്ള നീക്കം.
തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കാനും ട്രെയിനുകള്‍ക്കിടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനും പുതിയ സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കുന്നതോടുകൂടി സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. തിങ്കളാഴ്ച മുതല്‍ അധിക ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു. പുതിയ ട്രെയിനുകളെത്തുന്നതോടെ ഒരുദിവസം 12 ട്രിപ്പുകളാണ് കൂടുതലായി ഉള്‍പ്പെടുത്തുന്നത്.
നിലവില്‍ രാവിലെ എട്ട് മുതല്‍ 10 വരെയും ഉച്ചകഴിഞ്ഞ് നാലു മുതല്‍ രാത്രി ഏഴു വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ രണ്ട് ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം ഏഴു മിനിറ്റും 45 സെക്കന്‍ഡുമായിരുന്നു. അധിക ട്രെയിനികള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഇത് ഏഴു മിനിറ്റ് ആയി കുറയും.
1.76 കോടി യാത്രക്കാര്‍
ജനുവരി ഒന്നുമുതല്‍ ജൂലൈ 11 വരെ 1,76,26,922 പേരാണ് കൊച്ചി മെട്രോയില്‍ സഞ്ചരിച്ചത്.
ജൂലൈ ഒന്നുമുതല്‍ 11 വരെ മാത്രം 11,99,354 പേരാണ് യാത്ര ചെയ്തത്.