കൂത്താട്ടുകുളത്ത് ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി
1425947
Thursday, May 30, 2024 5:01 AM IST
കൂത്താട്ടുകുളം: നഗരത്തിലെ ഹോട്ടലുകളിൽ വീണ്ടും പരിശോധനകൾ നടന്നു. ഇന്നലെ രാവിലെ 6.30 ആണ് പരിശോധനകൾ ആരംഭിച്ചത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ജിതിൻ, മംഗലത്തുതാഴത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഗ്രാൻഡ് എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.
തുടർന്ന് നടന്ന പരിശോധനയിൽ അഞ്ചു ഹോട്ടലുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സ്ഥാപനങ്ങളിലെ നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് നഗരസഭ സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി.
കഴിഞ്ഞ ദിവസങ്ങളിലും കൂത്താട്ടുകുളം നഗരത്തിൽ പരിശോധനകൾ നടന്നിരുന്നു. പരിശോധനയിൽ നോട്ടീസ് നല്കിയ സ്ഥാപനങ്ങളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തനയോഗ്യമാണെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകും. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വീടുകളുടെ സ്ഥാപനങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം എന്നും.
പൊതുസ്ഥലങ്ങളിലേക്കും കെട്ടിടങ്ങൾക്ക് മുകളിലേക്കും അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഉടമകൾ തന്നെ മുറിച്ചു മാറ്റണമെന്നും അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളിൽ തൊഴിലാളികൾക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കി നൽകണമെന്നും നഗരസഭ സെക്രട്ടറി എസ്. ഷീബ അറിയിച്ചു.
സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.എം. ആസിഫ്, അജീഷ് പി. ജോൺ, വി. അനീഷ് ദേവ്, നഗരസഭ ജീവനാക്കാരായ പി.പി. അഭിജിത്, ജോമിറ്റ് ജോസ് എന്നിവരാണ് പരിശോധനകൾ നടത്തിയത്.