അങ്കമാലിയില്‍ കടകളിൽ വെള്ളം കയറി
1424390
Thursday, May 23, 2024 5:03 AM IST
അങ്കമാലി: ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയില്‍ അങ്കമാലി മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. പഴയ മാര്‍ക്കറ്റ് റോഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരം, ദേശീയപാതയില്‍ അങ്ങാടിക്കടവ് ജംഗ്ഷന്, കറുകുറ്റി തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പഴയ മാര്‍ക്കറ്റ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കടകളിലേക്ക് വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയായിരുന്നു.
രണ്ട് സ്ഥാപനങ്ങളിലേക്ക് വെള്ളം കയറിയപ്പോഴേക്കും റോഡ് വടംകെട്ടി തടഞ്ഞതിനാല്‍ കൂടുതല്‍ കടകളിലേക്ക് വെള്ളം കയറിയില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഒയാസിസ് കൂള്‍ബാറില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനുള്ളിലെ കുഴികളില്‍ വെള്ളം നിറഞ്ഞുനിന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. റോഡിലെ വെള്ളക്കെട്ട് ടൗണിലെ ഗതാഗതക്കുരുക്കും വര്‍ധിപ്പിച്ചു.
മരടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
മരട്: കനത്ത മഴയിൽ മരട് നഗരസഭയിലെ എല്ലാ വാർഡുകളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മരട്, നെട്ടൂർ, കുണ്ടന്നൂർ പ്രദേശങ്ങളും കനത്ത വെള്ളക്കെട്ടിലായി. കാനകളിൽ മാലിന്യം നിറഞ്ഞ് തടസമുണ്ടായതോടെ ഒട്ടേറെ വീടുകൾക്കകത്തും വെള്ളം കയറി.
വെള്ളക്കെട്ടിന് കാരണം അശാസ്ത്രീയ കാന നിർമാണം
കാലടി: അശാസ്ത്രീയ കാന നിർമാണമാണ് കാലടിയിലെ വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ. കാനകളിലേക്ക് വെള്ളം പോകാൻ സംവിധാനമൊരുക്കിയിട്ടില്ല. കാനകളിൽ വീഴുന്ന വെള്ളം അതിൽതന്നെ കെട്ടിക്കിടക്കുകയുമാണ്.
കാന വൃത്തിയാക്കുന്നതിന് ആവശ്യമായ അകലത്തിൽ മാൻഹോളുകൾ ഇല്ലാത്തത് മൂലം നിർമാണ ശേഷം ശരിയായ ക്ലീനിംഗ് നടന്നിട്ടില്ല. മുൻ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് കാന നിർമാണം നടന്നത്. അശാസ്ത്രീയ നിർമാണം നിരവധി പേർ ചൂണ്ടികാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്തെ ഫലമുണ്ടായില്ല.
മഴ പെയ്ത് റോഡ് നിറഞ്ഞ് കടകളിലേക്ക് വെള്ളം കയറുന്നത് മൂലം കച്ചവട സ്ഥാപനങ്ങൾക്ക് നഷ്ടം സംഭവിക്കുന്നതായി വ്യാപാരികൾ പറഞ്ഞു.
മഴയിൽ കാലടി-മലയാറ്റൂർ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കച്ചവട സ്ഥാപനങ്ങളിൽ വെള്ളം കയറി. മണിക്കൂറുകൾക്ക് ശേഷമാണ് ഇതിന് ശമനമുണ്ടായത്. മഴ ശക്തമാകുന്ന തോടെ കാലടി-മലയാറ്റുർ റോഡിൽ ഇത് പതിവാണ്.