ഓട്ടോ പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ ഇടിച്ചു; ചോദ്യം ചെയ്തപ്പോൾ മർദനം
1423960
Tuesday, May 21, 2024 6:53 AM IST
കാക്കനാട്: ഓട്ടോ പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ ഇടിച്ച് മറഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്ത ഇൻഫോപാർക്ക് ജീവനക്കാരന് മർദനം. ഇൻഫോപാർക്ക് സ്വകാര്യ കമ്പനി ജീവനക്കാരനും ഇടച്ചിറ ഒലിവ് കലിസ്ത-20എയിൽ താമസിക്കുന്ന ആൻസൺ ബാസ്റ്റോ സിറിയക്കിനെ മർദിച്ചതായി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ 11.30ന് ആൻസൺ താമസിക്കുന്ന ഫ്ലാറ്റിന് താഴേ പ്രവർത്തിക്കുന്ന ഡ്രീം മാർട്ട് സൂപ്പർമാർക്കറ്റിന് മുന്നിൽ തന്റെ ഇരുചക്ര വാഹനംവച്ച് കുടിവെള്ളം വാങ്ങാൻ പോകുമ്പോൾ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ പിന്നോട്ടെടുത്തപ്പോൾ ഇരുചക്ര വാഹനത്തിലിടിച്ച് മറിഞ്ഞു.
ഇതിനെ ചോദ്യം ചെയ്യുകയും ഓട്ടോയുടെ ഫോട്ടോ എടുത്തതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ മർദിക്കുകയും പിന്നീട് ഓട്ടോയിൽനിന്ന് സ്പാൻഡർ എടുത്തു മർദിക്കാനെത്തിയെന്നും ആൻസൺ പരാതിയിൽ പറയുന്നു. സമീപത്ത് കണ്ടുനിന്നവരെത്തി ഓട്ടോ ഡ്രൈവറെ തടയുകയായിരുന്നു.