മാറാടിയിൽ തെരുവു നായ ആടിനെ കൊന്നു
1417378
Friday, April 19, 2024 4:50 AM IST
തിരുമാറാടി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആട് ചത്തു. മറ്റൊരു ആടിന് പരിക്കേറ്റു. കുഴിക്കാട്ടുകുന്ന് ചെട്ടിയാംപുറത്ത് വിൽസന്റെ ആടിനെയാണ് കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
തെരുവ് നായകളെ ഓടിക്കുന്നതിനിടെ വിൽസന്റെ ഭാര്യ റീനയ്ക്ക് വീണ് പരിക്കേറ്റു. ഒലിയപ്പുറം ചെറുകൂപ്പിൽ ബാബുവിന്റെ ആടിനും തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
അക്രമകാരികളായ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം നിവിൻ ജോർജ് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിക്ക് പരാതി നൽകി. ഇതിനുമുന്പ് ഒലിയപ്പുറം പ്രദേശത്ത് ഏഴോളം ആടുകളെ കൂട്ടം കൂടിയെത്തിയ തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു.
നായ്ക്കളുടെ ആക്രമണം മൂലം കൊല്ലപ്പെടുന്ന വളർത്തു മൃഗങ്ങളുടെ നഷ്ടപരിഹാരമായി ഉടമകൾക്ക് കിട്ടുന്നത് വളരെ ചെറിയ തുകയാണ്. അനിമൽ ബർത്ത് കണ്ട്രോൾ പ്രോഗ്രാം വഴി തെരുവ് നായ്ക്കളുടെ പ്രജനനം തടയാനുള്ള പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ പഞ്ചായത്തിന് സാധിക്കുന്നില്ല.
അക്രമകാരികളായ നായ്ക്കളെ വന്ധ്യംകരിച്ചിട്ടും അവ കൂട്ടം കൂടി ആക്രമിക്കുന്നതിൽ യാതൊരു വ്യത്യാസവും വരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തെരുവു നായ്ക്കൾ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്.