ട്വന്റി-20 ഭക്ഷ്യ സുരക്ഷാമാർക്കറ്റിൽ: സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതിന് വിലക്ക്
1416162
Saturday, April 13, 2024 4:20 AM IST
കിഴക്കമ്പലം: ട്വന്റി 20 യുടെ ഭക്ഷ്യ സുരക്ഷാമാർക്കറ്റിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കിഴക്കമ്പലം സ്വദേശിയായ സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടറുടെ നടപടി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെയാണ് വിലക്ക്.
നേരത്തെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സിപിഎം പരാതി നൽകിയതിനെ തുടർന്ന് ട്വന്റി 20 മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം തടഞ്ഞിരുന്നു. കോടതി ഇടപെട ലിനെ തുടർന്നാണ് പിന്നീട് മെഡിക്കൽ സ്റ്റോർ തുറന്നു പ്ര വർത്തനം ആരംഭിച്ചത്.
ജനങ്ങളോടുള്ള ക്രൂരത: സാബു എം. ജേക്കബ്
സിപിഎം പ്രവർത്തകർ പരാതി നൽകിയതിനെതുടർന്ന് വിലക്കുറവിൽ ഭക്ഷ്യസാധനങ്ങൾ ലഭിക്കുന്ന ട്വന്റി 20 ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പൂട്ടിയത് ജനങ്ങളോടുള്ള ക്രൂരതയെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞു. മാർക്കറ്റ് 2014-ലാണ് പ്രവർത്തനമാരംഭിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിലൊന്നും ഇല്ലാതിരുന്ന നിയമങ്ങൾ പറഞ്ഞാണ് ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് കഴിഞ്ഞ രണ്ടിന് ലഭിച്ച മാർഗനിർദേശം പത്തു ദിവസങ്ങൾക്കുശേഷം ഇന്നലെ മാത്രമാണ് ഉത്തരവായി നൽകിയത്. ഇന്നു മുതൽ ഒരു മാസത്തേക്ക് കോടതികൾ അവധിയാണെന്ന് മനസിലാക്കിയാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത് ബോധപൂർവം ഓർഡർ വൈകിപ്പിച്ചതെന്നും സാബു കുറ്റപ്പെടുത്തി.
പ്രതിഷേധക്കാരും പോലീസുമായി ഉന്തും തള്ളും
കിഴക്കമ്പലം: അകാരണമായി ട്വന്റി 20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചുപൂട്ടിയെന്നാരോപിച്ച് ട്വന്റി 20 പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ ബലപ്രയോഗം ഉന്തിലും തള്ളിലും കലാശിച്ചു.
നാളെ വിഷുവായതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ എത്തിയത്. എന്നാൽ പ്രവർത്തനം നിർത്തിവച്ചതറിഞ്ഞ് പലരും സങ്കടത്തോടെ മാര്‍ക്കറ്റില്‍ നിന്നു മടങ്ങി.
ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റിനു സമീപത്തെ റോഡില്‍ പ്രതിഷേധസൂചകമായി കുത്തിയിരുന്ന ട്വന്റി20 പ്രവര്‍ത്തകരെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷ സാധ്യത ഇല്ലാതിരുന്നിട്ടും കുന്നത്തുനാട് പോലീസ് വളരെ ക്രൂരമായാണ് പെരുമാറിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജു പറഞ്ഞു.
സാധാരണ നടപടിയിലൂടെ മാത്രം പരിഹരിക്കാവുന്ന സംഭവം പോലീസ് നേരിട്ടത് ക്രൂരമായ പ്രവര്ത്തികളിലൂടെയായിരുന്നു. കേരളത്തില്‍ മനുഷ്യനു ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്ന് ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.
കുന്നത്തുനാട്, കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, തിരുവാണിയൂര്‍, വാഴക്കുളം, പൂതൃക്ക, വെങ്ങോല, വടവുകോട് പുത്തന്‍കുരിശ്, പഞ്ചയത്തുകളിലായി 55000 ത്തോളം കുടുംബങ്ങളാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാന്‍ എത്താറുളളത്.