വേനൽമഴയിൽ ആലുവയിൽ വെള്ളക്കെട്ട് രൂക്ഷം
1416156
Saturday, April 13, 2024 4:08 AM IST
ആലുവ: നഗരത്തിൽ വൈകുന്നേരം പെയ്ത ശക്തമായ വേനൽമഴയിൽ മാർക്കറ്റ് റോഡ് വെള്ളക്കെട്ടിലായി. കാനകൾ പുതുക്കിപ്പണിത ശേഷവും വെള്ളക്കെട്ട് രൂക്ഷമാവുന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സ്വകാര്യ ബസ്സ്റ്റാൻഡിന് മുന്നിലൂടെയുള്ള മാർക്കറ്റ് റോഡിലൂടെ ബസുകളും ഭാരവണ്ടികളും നിരന്തരം കടന്നു പോകുന്നതിനാൽ വെള്ളക്കെട്ട് റോഡ് കവിഞ്ഞ് സമീപത്തെ വ്യാപാരശാലകളിലേക്കും ഒഴുകിയെത്തുന്നുണ്ട്.
മാർക്കറ്റ് റോഡിലെ കാനയിൽ മാലിന്യം നിക്ഷേപിക്കുന്നതിനാൽ ഒഴുക്കിന് തടസം ഉണ്ടാകുന്നെന്നാണ് ആലുവാ നഗരസഭ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മുനിസിപ്പൽ ബസ്സ്റ്റാൻഡിലെ കാനയിലാണ് തടസം ഉണ്ടാകുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.
മാർക്കറ്റിന് വടക്ക് വശത്തുകൂടി പെരിയാറിന്റെ കൈവഴിയിലേക്ക് കാന ഇപ്പോൾ എത്തുന്നില്ലെന്നും സ്ഥലം കൈയേറി തടഞ്ഞിരിക്കുകയാണെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് പരിഹരിക്കാൻ മഴക്കാലത്തിന് മുമ്പേ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.