വീട്ടമ്മയെ കൊന്ന് ആഭരണങ്ങൾ കവർന്ന സംഭവം: ഇരുട്ടിൽ തപ്പി പോലീസ്
1415527
Wednesday, April 10, 2024 4:27 AM IST
കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മയെ വീടിനുള്ളിൽ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയിലേക്കെത്താനാകാതെ പോലീസ്. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തെളിവുകളൊന്നും പ്രതികളെ വെളിച്ചത്തു കൊണ്ടുവരാൻ പര്യാപ്തമായിട്ടില്ല.
സാറാമ്മയുടെ വീടിന്റെ പരിസരങ്ങളിൽ വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് എത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതിനകം ഒട്ടേറെപേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളായ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും ഫലപ്രദമായില്ല. അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തിൽ ബന്ധുക്കളിലും പൊതുജനങ്ങളിലും ആശങ്ക ഉയർന്നു തുടങ്ങിയിട്ടുണ്ട്.
വർഷങ്ങൾ പിന്നിട്ടിട്ടും തെളിയിക്കപ്പെടാതെ കിടക്കുന്ന ചെറുവട്ടൂരിലെ നീനി കൊലപാതകം, അയിരൂർപ്പാടത്തെ ആമിന വധക്കേസ് എന്നിവയുടെ ഗതിയാകുമോ സാറാമ്മ കൊലക്കേസിനുമെന്ന് സംശയിക്കുന്നവരുമുണ്ട്.
പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ പ്രതികളെ കണ്ടെത്തേണ്ടത് പോലീസിന് അഭിമാനപ്രശ്നംകൂടിയാണ്. അന്വേഷണത്തിൽ വഴിത്തിരിവുണ്ടാക്കാൻ ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെങ്കിൽ ഇതും ലോക്കൽ പോലീസിന് നാണക്കേടാകും.