‘അഗ്നിസാക്ഷി’യിലെ മനയിൽ തീപ്പിടിത്തം : ഒരു കോടിയുടെ നഷ്ടം
1396968
Sunday, March 3, 2024 3:53 AM IST
പിറവം: നന്പൂതിരിമാർക്കിടയിൽ സാമൂഹിക വിപ്ലവത്തിന് കാരണമായ മംഗലത്ത് മനയിലെ തീപ്പിടിത്തത്തിൽ വൻനാശം. മനയുടെ ഒരു ഭാഗം പൂർണമായി കത്തിയമർന്നു. ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രാഥമികമായി വിലയിരുത്തി.
ലളിതാംബിക അന്തർജനത്തിന്റെ പ്രസിദ്ധ നോവലായ ‘അഗ്നിസാക്ഷി’യിലെ കേന്ദ്രകഥാപാത്രമായ മനയാണിത്. ‘അഗ്നിസാക്ഷി’ നോവൽ 1999 -ൽ ശ്യാമപ്രസാദ് സിനിമയാക്കി. നോവലിലെ പ്രധാന കഥാപാത്രം മംഗലത്ത് മനയിലെ അംഗമാണന്ന് പറയുന്നു.
പൂജയും വ്രതം നോക്കലുമായി കല്യാണം കഴിഞ്ഞതു മുതൽ ദീർഘകാലം തള്ളി നീക്കിയ ഭർത്താവിനെ സഹിക്കാൻ കഴിയാതെ, തേതിക്കുട്ടിയെന്ന ദേവകി അന്തർജനം താലിമാല ഊരിവച്ച് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കിറങ്ങി. പിന്നീട് ദേവി ബഹനെന്ന പേരിൽ സന്യാസിനിയായി, ഗംഗാതീരത്തെ ആശ്രമത്തിൽ ജീവിക്കുന്നതാണ് അഗ്നിസാക്ഷി നോവലിലെ പ്രമേയം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മനയിൽ അഗ്നിബാധയുണ്ടായത്. നാലുകെട്ട് പൂർണമായി കത്തി നശിച്ചു. ഇവിടെയുണ്ടായിരുന്ന ഏസികൾ, ഫ്രിഡ്ജ്, ഫർണിച്ചറുകൾ തുടങ്ങിയ സാധനങ്ങൾ നശിച്ചു. മുൻവശത്തെ വലിയ പത്തായപ്പുരയുള്ളതിന് കേടുപാടില്ല. നേരത്തേ എട്ട് കെട്ടായിരുന്നു മന. ഏതാനും വർഷം മുമ്പ് ഇതിൽ നാലു കെട്ട് പൊളിച്ച് ആധുനിക രീതിയിലുള്ള ഹാളും, മുറികളും നിർമിച്ചിരുന്നു. കൂടുതലും ടഫന്റ് ഗ്ലാസ് ഇതിന് ഉപയോഗിച്ചിരുന്നതിനാൽ ഈ ഭാഗത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
പുഴയുടെ അടുത്താണ് മന സ്ഥിതി ചെയ്യുന്നതെങ്കിലും, 2018 ലെ പ്രളയകാലത്ത് നാടു മുഴുവൻ മുങ്ങിയപ്പോഴും മനയുടെ മുറ്റത്തു പോലും വെള്ളമെത്തിയിരുന്നില്ല. 150 വർഷം പഴക്കമുള്ള മനയാണിത്. രാമമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റും, കോൺഗ്രസ് നേതാവുമായിരുന്ന എം.പി. രാമൻ നമ്പൂതിരിയുടെ വീടാണിത്. അദ്ദേഹത്തിന്റേയും, ഭാര്യയുടേയും മരണശേഷം സ്ഥിരമായി താമസക്കാരില്ല. ഇളയ മകനാണ് മനയുടെ അവകാശി.
കുടുംബ ദേവതകൾക്ക് പൂജ ഇവിടെ പതിവുണ്ട്. ഇതിനായി സമീപത്ത് താമസിക്കുന്ന മറ്റൊരു മകനായ പ്രഫ. എം. ആർ. ഗുപ്തൻ നമ്പൂതിരി ദിവസവും വൈകുന്നേരം മനയിലെത്താറുണ്ട്.
സംഭവ ദിവസവും ഇവിടെയെത്തി മനയിൽ വിളക്ക് തെളിയിച്ചിട്ടാണ് മടങ്ങിയത്. രാമമംഗലം ഗ്രാമത്തിന്റെ പ്രൗഡി വിളിച്ചോതിയിരുന്ന മംഗലത്ത് മനയുടെ പുനർനിർമാണം നാട്ടുകാർ ആഗ്രഹിക്കുന്നുണ്ട്.