നവകേരള ബസിലിരുന്ന് മന്ത്രിമാർ ഈ ബസുകളും കാണണം!
1374661
Thursday, November 30, 2023 6:53 AM IST
കൊച്ചി: അകത്ത് ഫ്രിഡ്ജുണ്ട്, എസിയാണ്, കോഫി ഏരിയയുണ്ട്... നവകേരള സദസുകളിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന ആഡംബര ബസിനെ ഓർമിപ്പിക്കുന്ന ബസ്; ഒന്നല്ല, ലക്ഷങ്ങൾ ചെലവഴിച്ചു നിരത്തിലിറക്കിയ സർക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് ആധുനിക ബസുകൾ. പക്ഷേ രണ്ടും കൊച്ചിയിൽ കട്ടപ്പുറത്താണ്, തുരുന്പെടുത്തു നശിക്കുകയാണ്...!
ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയ്ക്കായി (മൂവിംഗ് ആർട്ട് ഗാലറി) സംസ്ഥാന സാംസ്കാരിക വകുപ്പ് 2014ൽ വാങ്ങിയ ബസുകളിലൊന്ന്. ബസിനുള്ളിൽ സജ്ജമാക്കുന്ന ചിത്രപ്രദർശനം കാണാൻ വിവിധ സ്ഥലങ്ങളിലുള്ളവർക്കു സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. അന്പതു ചിത്രങ്ങൾ വയ്ക്കാം. മുൻ വാതിലിലൂടെ പ്രവേശിച്ച് ചിത്രങ്ങൾ കണ്ട് പിൻവാതിൽ വഴി പുറത്തിറങ്ങുന്ന രീതിയിലായിരുന്നു ക്രമീകരണം.
ബസ് ചിത്രപ്രദർശനത്തിന് അനുയോജ്യമല്ലെന്നും സജ്ജീകരണങ്ങൾ അശാസ്ത്രീയമാണെന്നും പരാതി ഉയർന്നതോടെ ഓട്ടം നിലച്ചു. റോഡ് ടാക്സും ഇൻഷ്വറൻസും മുടങ്ങി. ടയറുകളുൾപ്പെടെ ബസിന്റെ ഭാഗങ്ങൾ ഉപയോഗശൂന്യമായ നിലയിലാണ്.
സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡിടിപിസി) കൈമാറിയ ബസും സമാനമായ സ്ഥിതിയിലാണ്. കോവിഡിന് കട്ടപ്പുറത്തേറിയ ബസിന് മൂന്നു വർഷത്തിലധികമായി അനക്കമില്ല.
ടൂറിസം വകുപ്പിന്റെ കൊച്ചി സിറ്റി ടൂർ പ്രൊജക്ടിനായാണ് ബസ് എത്തിച്ചത്. കൊച്ചിയിലെ സ്വകാര്യ ഏജൻസി ടൂറിസം വകുപ്പിനായി പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്ത ബസ് അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു ആധുനികവത്കരിച്ചാണ് നിരത്തിലിറക്കിയത്. ഏജൻസി പ്രതിമാസ വാടകയായി ഡിടിപിസിയ്ക്കു നൽകേണ്ടിയിരുന്നത് 40,000 രൂപ. 2020 ഫെബ്രുവരിയിൽ സർവീസ് തുടങ്ങിയെങ്കിലും ആഴ്ചകൾക്കുശേഷം നിലച്ചു. കോവിഡ് വ്യാപനമായിരുന്നു പ്രധാന കാരണം.
സർവീസ് ഇല്ലാതിരുന്ന കോവിഡ് കാലത്തെയും വാടക നൽകാൻ ആവശ്യപ്പെട്ടതോടെ നടത്തിപ്പുകാർ പിന്മാറി. വാടകയിൽ സർക്കാർ ഇളവു നൽകിയെങ്കിലും ടൂറിസം ഉദ്യോഗസ്ഥരുടെ പിടിവാശിയിലും ഓഡിറ്റ് ഒബ്ജക്ഷനിലും കുടുങ്ങിയാണ് സർവീസ് താളം തെറ്റിയതെന്ന് ഏജൻസി വക്താവ് ഡി. കമൽ ആരോപിച്ചു. നിക്ഷേപത്തുക ഉൾപ്പെടെ സർക്കാരിൽ നിന്നു പണം കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വർഷത്തിലധികമായി കട്ടപ്പുറത്തുള്ള ഇരു ബസുകളും ലളിതകലാ അക്കാദമിയുടെ കീഴിലുള്ള എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിക്ക് പിന്നിൽ അധികമാരും ശ്രദ്ധിക്കാത്ത സ്ഥലത്താണ് ഒതുക്കിയിട്ടിട്ടുള്ളത്.
സിജോ പൈനാടത്ത്