പരിപാടി പോലീസിനെ അറിയിച്ചില്ലെന്ന് ഡിസിപി
1373780
Monday, November 27, 2023 2:17 AM IST
കളമശേരി: കുസാറ്റിലെ പരിപാടി പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി കെ.എസ്. സുദര്ശന്. പരിപാടിയുടെ അനുമതിക്കായി കോളജ് അധികൃതര്‍ അപേക്ഷിച്ചിരുന്നില്ല. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.
സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്നമുള്ളതിനാല്‍ പോലീസ് ഇവിടെ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. കോളജ് കോന്പൗണ്ടിനകത്ത് മറ്റ് പരിപാടി നടക്കാറുണ്ട്. അതിന് പോലീസിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പരിപാടി നടക്കുന്ന വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് പറഞ്ഞു. നിര്‍ദേശം നല്‍കിയതനുസരിച്ച് ആറു പോലീസുകാര്‍ വന്നിരുന്നു. എന്നാല്‍, പരിപാടിക്ക് എത്രപേര്‍ വരുമെന്നും എത്ര പോലീസുകാര്‍ വേണമെന്നും വ്യക്തമാക്കിയിരുന്നില്ല. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല. പരിപാടി തുടങ്ങുന്നതിലും കുട്ടികളെ അകത്തുകയറ്റുന്നതിലും താമസമുണ്ടായിട്ടുണ്ട്. പരിപാടിയിലേക്ക് ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍, പിന്നീട് രജിസ്റ്റര്‍ ചെയ്യാത്ത യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍, ശേഷം സ്ഥലം ഉണ്ടെങ്കില്‍ പുറത്തുനിന്നുള്ളവര്‍ എന്നിങ്ങനെ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശം കൃത്യമായി വെബ്സൈറ്റില്‍ നല്‍കിയിരുന്നു.
രാത്രി ഏഴോടെ പരിപാടി തുടങ്ങാന്‍ പോകുകയാണെന്ന് കരുതി പുറത്തുനിന്നവര്‍കൂടി അകത്തേക്ക് ഇടിച്ചുകയറി. ഇതോടെ താഴത്തേക്കുള്ള പടികളില്‍ നിന്നവര്‍ വീഴുകയും ഇതിനു മുകളിലേക്ക് ബാക്കിയുള്ളവരും വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
അപകടം നടക്കുമ്പോള്‍ അധ്യാപകര്‍ സ്ഥലത്തുണ്ടായിരുന്നു. സ്റ്റുഡന്റ് വെല്‍ഫയര്‍ ഡയറക്ടര്‍ അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തി. അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എല്ലാം ഒരു മിനിറ്റുകൊണ്ട് സംഭവിച്ചതാണെന്നും വിസി പറഞ്ഞു.
ഓഡിറ്റോറിയത്തിന് എതിരെ വിമര്‍ശനം
കൊച്ചി: മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേരുടെ മരണത്തിന് വേദിയായ കുസാറ്റ് കാമ്പസിലെ ഓഡിറ്റോറിയത്തിനെതിരെയും വിമര്‍ശനങ്ങള്‍. അശാസ്ത്രീയമായ ഓഡിറ്റോറിയത്തിന്റെ ഘടനാരീതി അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു എന്നാണ് ആരോപണം. നിരപ്പില്‍ നിന്നു താഴ്ന്ന പ്രദേശത്താണ് ഓഡിറ്റോറിയം സ്ഥിതി ചെയുന്നത്.
2000ത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമെന്ന് അധികൃതര്‍ പറയുമ്പോഴും അത്രത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ ഓഡിറ്റോറിയത്തിന് കഴിയില്ലെന്നാണ് ഉയരുന്ന ആരോപണം. അകത്തേക്ക് പ്രവേശിക്കാന്‍ മൂന്ന് ഗേറ്റുകളാണ് ഉള്ളത്. പ്രധാന കാവടത്തില്‍ നിന്നും 10 സ്റ്റെപ്പുകള്‍ ഇറങ്ങിവേണം വേദിയിലേക്ക് എത്താന്‍. ഇതും അപകടത്തിന് കാരണമായി. ഓഡിറ്റോറിയത്തിന്റെ ഗേറ്റുകള്‍ ഒരിക്കലും അകത്തേക്കു തുറക്കരുത് എന്നാണ് നാഷണല്‍ ബില്‍ഡിംഗ് കോഡ്. ഗേറ്റില്‍ തന്നെ പടി വയ്ക്കാന്‍ പാടില്ലെന്നും പറയുന്നു. ഇതെല്ലാം ലംഘിച്ചാണ് ഓഡിറ്റോറിയത്തിന്റെ രൂപകല്പന.