അങ്കമാലിയിൽ വൻ ലഹരി വേട്ട: എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
1373776
Monday, November 27, 2023 2:17 AM IST
അങ്കമാലി: അങ്കമാലിയിൽ വൻ രാസലഹരി വേട്ട. 25 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേർ പോലീസ് പിടിയിൽ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ്(48) എന്നിവരെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അങ്കമാലി ടിബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.
കൈകാണിച്ചിട്ട് നിർത്താതെപോയ ഇവരെ പിന്തുടർന്നാണ് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ ബംഗളൂരുവിൽ നിന്നാണ് ഇവർ രാസലഹരി കൊണ്ടുവന്നത്. കൈയുറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്ന് കണ്ടെത്തിയത്. കൊച്ചി നഗരത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽക്കുകയായിരുന്നു ലക്ഷ്യം.