അനധികൃത യാത്ര: പഞ്ചായത്ത് പ്രസിഡന്റ് തുക തിരിച്ചടയ്ക്കുന്നില്ലെന്ന് പരാതി
1339926
Monday, October 2, 2023 1:50 AM IST
ആലുവ: പഞ്ചായത്ത് ജീപ്പിൽ അനധികൃത യാത്ര നടത്തി എഴുതിയെടുത്ത തുക തിരിച്ചടയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടും നടപ്പാക്കാത്തതിനെതിരെ മുഖ്യന്ത്രിക്ക് പരാതി.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കാണാനായി പഞ്ചായത്ത് വാഹനത്തിൽ കണ്ണൂരിലേക്ക് യാത്ര നടത്തിയ ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റും വാർഡംഗങ്ങളുമാണ് തുക തിരിച്ചടയ്ക്കേണ്ടത്.
കണ്ണൂർ പാർലമെന്റ് അംഗം കൂടിയായ കെ. സുധാകരനെ എംപി ഫണ്ട് ലഭിക്കാനെന്ന പേരിലാണ് 2021 ഒക്ടോബർ 25ന് പഞ്ചായത്ത് അംഗങ്ങൾ യാത്ര നടത്തിയത്.
എന്നാൽ എംപി ഫണ്ട് മറ്റ് മണ്ഡലങ്ങളിലേക്ക് നൽകാനാകില്ലെന്നിരിക്കെ ഔദ്യോഗിക യാത്രയായി കണക്കാക്കാനാകില്ലെന്ന ചട്ടപ്രകാരമാണ് 2023 ജൂൺ 27ന് സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിട്ടത്.
എന്നാൽ തുക തിരിച്ചടയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റ് തയാറാകുന്നില്ലെന്ന് പരാതിക്കാരനായ സനീഷ് കളപ്പുരക്കൽ പരാതിയിൽ പറയുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി തുക തിരിച്ചടപ്പിക്കണമെന്ന് പരാതിക്കാരൻ അഭ്യർഥിച്ചു.