വീട്ടിൽ കയറി നാലുപേരെ വെട്ടി; അയൽവാസി അറസ്റ്റിൽ
1339904
Monday, October 2, 2023 1:24 AM IST
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാലുപേരെ അയൽവാസി വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.
അക്രമിയെ പോലീസ് പിടികൂടി. ഏഴിപ്രം മേപ്രത്ത് പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവരെയാണ് മാന്താനത്തിൽ പാപ്പച്ചന്റെ മകൻ അനൂപ് വെട്ടിയത്. സാരമായി പരിക്കേറ്റ നാലുപേരെയും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനൂപിനെ പുത്തൻകുരിശ് പോലീസ് അറസ്റ്റ്ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
അനൂപ് സ്ഥിരമായി അയൽവാസികളെ ശല്യം ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് ഐപിസി 307 പ്രകാരം കേസെടുക്കുമെന്ന് പുത്തൻകുരിശ് പോലീസ് വ്യക്തമാക്കി.