വല്ലാർപാടത്തമ്മയുടെ തിരുനാൾ നാളെ
1337673
Saturday, September 23, 2023 1:14 AM IST
കൊച്ചി: ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളാഘോഷങ്ങൾക്ക് നാളെ സമാപനം.
തിരുനാൾദിനമായ നാളെ രാവിലെ 10ന്് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികനാകും. ഫാ.ഷിന്റോ മറയൂർ വചന പ്രഘോഷണം നടത്തും.
ദിവ്യബലിക്ക് മുന്നോടിയായി ആർച്ച്ബിഷപ്പിനും പാലിയം കുടുംബാംഗങ്ങൾക്കും പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ കുടുംബാംഗങ്ങൾക്കും റോസറി പാർക്കിലെ മംഗള കവാടത്തിൽ സ്വീകരണം നല്കും. പളളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർ പരമ്പരാഗതമായി ചെയ്ത് വരുന്ന മോര് വിതരണത്തിന്റെ ആശീർവാദകർമവും ആർച്ച് ബിഷപ് നിർവഹിക്കും.
തുടർന്ന് ദേവാലയത്തിന്റെ അൾത്താരയിലെ കെടാവിളക്കിൽ പാലിയം കുടുംബത്തിലെ കാരണവർ എണ്ണ പകർന്ന് ദീപം തെളിക്കും. ദിവ്യബലിക്ക് ശേഷം നൊവേനയും തിരുനാൾ പ്രദക്ഷിണവും.
നാളെ രാവിലെ ആറിനും ഏഴിനും എട്ടിനും ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനും വൈകിട്ട് 5.30 നും ഏഴിനും വിവിധ ഭാഷകളിൽ ദിവ്യബലിയുണ്ടാകും. ഒക്ടോബർ ഒന്നിനാണ് എട്ടാമിടം. തിരുക്കർമങ്ങൾ വല്ലാർപാടം ബസിലക്കയുടേയും, കേരളവാണിയുടേയും യൂട്യൂബ് ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യും. ജോസഫ് വാക്കയിൽ, ബർണാഡ് കോനംകോടത്ത് എന്നിവരാണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തിമാർ.
സമാപനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ, ഫാ. ആൽവിൻ പോൾ മാട്ടുപുറത്ത്, ഫാ. സിനു ചമ്മിണിക്കോടത്ത്, ഫാ. ആന്റണി ഫ്രാൻസീസ് മണപ്പറമ്പിൽ എന്നിവർ അറിയിച്ചു.