തിരിച്ചറിവില്ലാത്ത വിദ്യാഭ്യാസം അര്‍ഥശൂന്യം: ഡോ. ആനന്ദബോസ്
1336667
Tuesday, September 19, 2023 5:40 AM IST
തൊടുപുഴ: വിദ്യാഭ്യാസത്തിലൂടെ അറിവു മാത്രം നേടിയാല്‍ പോരാ തിരിച്ചറിവു കൂടി നേടണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ്. തൊടുപുഴ ന്യൂമാന്‍ കോളജിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ നിന്നും പഠിക്കുന്നവര്‍ക്കാണ് വിജയം വരിക്കാനാകുക. മൂല്യങ്ങള്ക്കൊക്കം ഈശ്വര വിശ്വാസം മുറുകെ പിടിക്കുന്നവര്‍ക്ക് ജിവിതത്തില്‍ മുന്നേറാനാകും. എല്ലാം തികഞ്ഞിട്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന കാര്‍ഡിനല്‍ ന്യൂമാന്റെ വാക്കുകളാണ് തന്റെ ജീവിതത്തെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സര്‍വകലാശാലകളുടെ ഭരണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഒഴിവാകുമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ബംഗാളിലെ സര്‍വകലാശാലകളില്‍ പ്രഗദ്ഭരായവരെ വിസിമാരായി നിയമിച്ചതിനെതിരെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. യുജിസി ചട്ടം പാലിക്കണമെന്ന ഉത്തരവിലൂടെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാകുമെന്നും അദ്ദഹം പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ന്യൂമാന്‍ കോളജില്‍ പഠിച്ച ഏറ്റവും മികച്ച വിദ്യാര്‍ഥിയ്ക്ക് 50000 രൂപയുടെ ഗവര്‍ണേഴ്സ് എക്സലന്‍സ് അവാര്‍ഡും അദ്ദേഹം പ്രഖ്യാപിച്ചു. ബംഗാളിലെ രാജ്ഭവന് സന്ദര്‍ശിക്കാന്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന സംഘത്തെ ഗവര്‍ണര്‍ ക്ഷണിച്ചു. ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അറിവു നേടുന്നതിനൊപ്പം നാടിന്റെ വികസനത്തിന് സംഭാവന നല്കാന് വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് ബിഷപ് പറഞ്ഞു.
പി.ജെ.ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്, കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി റവ. ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു ഏബ്രഹാം, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഡോ. ബിജു പീറ്റര്‍, ഡോ. ജെയിന് എ. ലൂക്ക്, ഡോ. ജെന്നി കെ.അലക്സ്, ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു എന്നിവര്‍ നേതൃത്വം നല്കി.