പീഡനക്കേസിൽ ജോലി പോയ നേതാവിനെ തിരിച്ചെടുത്തു; ഇരുപക്ഷത്തും പ്രതിഷേധം
1336658
Tuesday, September 19, 2023 5:19 AM IST
കാക്കനാട്: സ്ത്രീപീഡന കേസിൽപ്പെട്ട പ്രാദേശിക കോൺഗ്രസ് നേതാവിനെ തൃക്കാക്കര നഗരസഭയിൽ ജോലിയിൽ തിരിച്ചെടുത്ത സംഭവത്തിൽ ഭരണപക്ഷമായ യുഡിഫിലും പ്രതിപക്ഷമായ എൽഡിഎഫിലും പ്രതിക്ഷേധം ശക്തം.
ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പീഡനക്കേസിൽപ്പെട്ടതിനെ തുടർന്ന് ഹരിതകർമ സേനയിൽനിന്നു പുറത്താക്കിയ സാബു പടിയഞ്ചേരി മാലിന്യം ശേഖരിക്കുന്ന ഓട്ടോ ഓടിക്കാൻ വീണ്ടുമെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഇതിനെതിരേ ഹരിതകർമ സേനാംഗങ്ങൾ രംഗത്തെത്തി. മാലിന്യ സംസ്കരണ തൊഴിലാളി യൂണിയൻ-സിഐടിയുവിന്റെ നേതൃത്വത്തിൽ ആദ്യം പ്രതിഷേധം തുടങ്ങി, സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് എന്നിവരും ഇടപെട്ടതോടെ മുൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തി സാബു പടിയഞ്ചേരിയെ തിരിച്ചെടുക്കില്ലെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.
പീഡനക്കേസ് പ്രതിയെ സഹായിക്കുന്ന ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് രാജിവക്കണമെന്നാവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നഗരസഭയിൽ വീണ്ടും പ്രതിക്ഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സാബു പടിയഞ്ചേരിയെ തിരിച്ചെടുക്കില്ലെന്ന് മുൻസിപ്പൽ ചെയർപേഴ്സൻ രാധാമണി പിള്ളയും ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
പീഡനക്കേസിൽപ്പെട്ട നേതാവിനെ തിരിച്ചെടുക്കുന്നതിൽ നഗരസഭാ ചെയർപേഴ്സൻ രാധാമണി പിളള ഉൾപ്പടെ ഒരുവിഭാഗം കോൺഗ്രസ് കൗൺസിലർമാർക്കും, വൈസ് ചെയർമാൻ പി.എം. യൂനുസ് ഉൾപ്പടെ മുസ്ലിം ലീഗ് കൗൺസിലർമാർക്കും എതിർപ്പാണ്. തന്നോട് ആലോചിക്കാതെ സാബു പടിയഞ്ചേരിയെ ജോലിയിൽ കയറ്റരുതെന്ന് ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.