രണ്ടു വർഷത്തിന് ശേഷം കടയിലേക്ക് വീണ്ടും കാർ ഇടിച്ചുകയറി
1279821
Wednesday, March 22, 2023 12:39 AM IST
നെടുമ്പാശേരി: അസീസിന്റെ കടയിൽ രണ്ടു വർഷത്തിന് ശേഷം വീണ്ടും കാർ ഇടിച്ചുകയറി. അത്താണി -പറവൂർ റോഡിൽ ചുങ്കം കവലയിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറാണ് ഇന്നലെ പുലർച്ചെ ഇടിച്ചു കയറിയത്. വാടാനപ്പിള്ളിയിൽ നിന്നു വിദേശത്തേക്ക് പോകുന്ന സുഹൃത്തിനെ യാത്രയാക്കാൻ നെടുന്പാശേരിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലപ്രശേരി പീടികപ്പറമ്പിൽ അസീസ് നടത്തുന്ന ‘പി.എം. സ്റ്റോഴ്സിലേക്കാണ് കാർ ഇടിച്ചുകയറിയത്. കടയുടെ ഷട്ടർ പൂർണമായും തകർന്നു. നാല് ചില്ലലമാരകളും, പലവ്യജ്ഞനങ്ങളും, ബിസ്ക്കറ്റുകളും, 300ഓളം മുട്ടകളും നശിച്ചു. പറവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചുങ്കം കവലയിലെ കൊടുംവളവ് അറിയാതെ അസീസിന്റെ കടയിൽ ഇടിച്ചു കയറുന്നത് പതിവായിരുന്നു.
ഹൃദ്രോഗിയായ അസീസിന്റെ കടയിൽ നിത്യവും വാഹനങ്ങൾ ഇടിച്ചുകയറുന്ന സംഭവം മാധ്യമങ്ങളിൽ പതിവുവാർത്തയായതോടെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ട് റോഡിന്റെ ഇരുവശങ്ങളിലും അപകട മുന്നറിയിപ്പ് ഫ്ലാഷ് ബോർഡുകളും, സീബ്രാലൈൻ റിഫ്ളക്ടറുകളും, കടയുടെ മുന്നിൽ ഇരുമ്പ് തൂണുകളും സ്ഥാപിച്ചിരുന്നു. സംഭവ ത്തിൽ ചെങ്ങമനാട് പോലീസ് കേസെടുത്തു.