പട്ടയ നിയമഭേദഗതി കേരളത്തെ പ്രതികൂലമായി ബാധിക്കും: രാജു അപ്സര
1592715
Thursday, September 18, 2025 10:12 PM IST
തിരുവനന്തപുരം: 2023ലെ പട്ടയ നിയമഭേദഗതി കേരളത്തെ ആകെ പ്രതികൂലമായി ബാധിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര.
നിയമ ഭേദഗതിയിലും ചട്ടങ്ങളിലും ഉണ്ടായിട്ടുള്ള ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ യൂണിറ്റ് ഭാരവാഹികളായ 590 പേര് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത് ഇടുക്കി ജില്ലയുടെ മാത്രം പ്രശ്നമല്ല, സംസ്ഥാനത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണ്.
ഇതിനെതിരേ സമിതി സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുകയാണെന്നും ഇടുക്കി ജില്ലയിലെ ജനങ്ങളോടൊപ്പം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നടങ്കം നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രന്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാന്, സംസ്ഥാന സെക്രട്ടറി വൈ. വിജയന്, ഇടുക്കി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആര്. വിനോദ്, വൈസ് പ്രസിഡന്റ് പി.എം. ബേബി, ഇടുക്കി ജില്ലാ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, സിബി കൊച്ചുവള്ളാട്ട് എന്നിവര്‍ പ്രസംഗിച്ചു.