ഭൂമിതർക്കം മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ; അവകാശവാദം 476 ഹെക്ടറിന്
1591905
Monday, September 15, 2025 11:45 PM IST
തൊടുപുഴ: ജില്ലാ ആസ്ഥാനത്തെ ഭൂമി സംബന്ധിച്ച് ജില്ലാ പഞ്ചായത്തും കെഎസ്ഇബിയും തമ്മിലുള്ള തർക്കത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പരിഹാരമായില്ല.
ഇന്നലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന്റെ സാന്നിധ്യത്തിൽ ഉന്നതതല യോഗം നടന്നത്. ചർച്ചയിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേലിന്റെ നേതൃത്വത്തിൽ മതിയായ രേഖകൾ യോഗത്തിൽ സമർപ്പിച്ചെങ്കിലും ഭൂമി വിട്ടു നൽകാനാവില്ലെന്ന് കെഎസ്ഇബി നിലപാടെടുത്തതോടെയാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
ഇനി മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാനാണ് തീരുമാനം. ജില്ലാ ആസ്ഥാനത്തെ 476 ഹെക്ടർ ഭൂമി സംബന്ധിച്ചാണ് തർക്കം.
കൈമാറ്റം ഇങ്ങനെ
സർക്കാർ ഉത്തരവ് പ്രകാരമാണ് 1964ൽ ജില്ലാ ആസ്ഥാനത്തെ 476 ഹെക്ടർ സ്ഥലം കെഎസ്ഇബിക്ക് അനുവദിച്ചത്. ഇടുക്കി ഡാം നിർമാണവുമായി ബന്ധപ്പെട്ടും ജീവനക്കാർക്കു ക്വാർട്ടേഴ്സുകൾ നിർമിക്കുന്നതിനുമായാണ് ഭൂമി നൽകിയത്. 1972ൽ ഇടുക്കി ജില്ലയുടെ രൂപീകരണത്തിനു ശേഷം സർക്കാർ ഓഫീസുകൾ ജില്ലാ ആസ്ഥാനത്തു നിർമിക്കാനായി ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന ഈ ഭൂമി 1980ൽ ഇടുക്കി വികസന അഥോറിറ്റി രൂപീകരിച്ച് അവർക്കു കൈമാറി. ജില്ലാ കളക്ടറാണ് ഐഡിഎയുടെ കണ്വീനർ.
2007ൽ ജില്ലാ വികസന അഥോറിറ്റി പിരിച്ചുവിട്ടതോടെ 476 ഹെക്ടർ വരുന്ന സ്ഥലം ജില്ലാ പഞ്ചായത്തിനു നൽകി സർക്കാർ ഉത്തരവിറക്കി.
തർക്കത്തിനു തുടക്കം
ഭൂമി ജില്ലാ പഞ്ചായത്തിനു കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതു മുതലാണ് കെഎസ്ഇബിയും ജില്ലാ പഞ്ചായത്തും തമ്മിലുള്ള തർക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി, പൈനാവ് തുടങ്ങിയ സ്ഥലത്തു കെഎസ്ഇബി നിർമിച്ച കെട്ടിടങ്ങൾക്കു പണം ആവശ്യപ്പെട്ടു കെഎസ്ഇബി ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു കത്തു നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് നടത്തിയ പരിശോധനയിൽ കെട്ടിടങ്ങളുടെ വിലയായ 29 ലക്ഷം രൂപ ആറു വർഷം മുന്പ് കെഎസ്ഇബിക്കു ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അടച്ചു. തുടർന്നും ഭൂമി വിട്ടുകൊടുക്കാൻ നടപടിയുണ്ടായില്ല.
ഇതേത്തുടർന്നു സ്ഥലവും കെട്ടിടങ്ങളും വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സർക്കാരിനു പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തിന് ഉന്നതതല യോഗം ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കു പുറമെ കെഎസ്ഇബി, വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കെട്ടിടങ്ങൾ നശിക്കുന്നു
ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തർക്കം തുടരുന്നതിനാൽ ജില്ലാ ആസ്ഥാന മേഖലയിലെ കെട്ടിടങ്ങൾ നാശത്തിലേക്കു നീങ്ങുകയാണ്.
കൃത്യമായ അറ്റകുറ്റപ്പണിയും സംരക്ഷണവുമില്ലാത്തതിനാൽ ചെറുതോണി, വാഴത്തോപ്പ്, പൈനാവ് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി കെട്ടിടങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. പല കെട്ടിടങ്ങളുടെയും മേൽക്കൂര ജീർണിച്ചു നിലംപൊത്താറായ നിലയിലാണ്. ഭൂമി വിട്ടു കിട്ടിയാൽ ഇതൊക്കെ സംരക്ഷിക്കുകയും പുതിയ നിർമാണങ്ങൾ നടത്തുകയും ചെയ്യാമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.
ജില്ലയുടെ പലഭാഗത്തു പ്രവർത്തിച്ച ജില്ലാ ഓഫീസുകളും പൈനാവിലേക്ക് എത്തിയപ്പോൾ അവ സ്ഥാപിക്കാനായി സ്ഥലം വിട്ടു നൽകിയത് ജില്ലാ പഞ്ചായത്താണ്.
കളക്ടറുടെ വസതി, പോലീസ് ക്യാന്പ്, പോളിടെക്നിക്, ഇടുക്കി മെഡിക്കൽ കോളജ് എന്നീ സ്ഥാപനങ്ങൾക്കു ഭൂമി വിട്ടുനൽകിയത് ജില്ലാ പഞ്ചായത്താണ്. ഇപ്പോൾ നിർമാണം നടന്നുവരുന്ന എബിസി സെന്ററിനു സ്ഥലം വിട്ടു നൽകിയതും ജില്ലാ പഞ്ചായത്താണ്.