ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് : സർക്കാർ ഇടപെടണം: കെപിഎസ്ടിഎ
1592709
Thursday, September 18, 2025 9:26 PM IST
തൊടുപുഴ: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് അര ലക്ഷത്തിലധികം അധ്യാപകരുടെ ജോലി സ്ഥിരതയെ ബാധിക്കുന്നതിനാൽ പ്രശ്നപരിഹാരത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കെപിഎസ് ടിഎ തൊടുപുഴ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു.
2009ൽ നിലവിൽവന്ന കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. യോഗ്യത നേടാത്ത അധ്യാപകർ അഞ്ചുവർഷത്തിലധികം സർവീസ് ഉള്ളവരാണെങ്കിൽ സുപ്രീംകോടതി അനുവദിച്ച രണ്ടു വർഷത്തിനുശേഷവും പരീക്ഷ പാസായില്ലെങ്കിൽ സർവീസിൽനിന്ന് പുറത്തുപോകേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിന് പുനഃപരിശോധന ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നതിന് സംസ്ഥാന സമിതി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ദീപു ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ബിജോയി മാത്യു, ജില്ലാ സെക്രട്ടറി സുനിൽ ടി. തോമസ്, ട്രഷറർ ഷിന്റോ ജോർജ്, സജി മാത്യു, വി.ആർ. രതീഷ്, ലിജോമോൻ ജോർജ്, രാജിമോൻ ഗോവിന്ദ്, സിനി ട്രീസ, ജീസ് എം. അലക്സ്, ജിബിൻ ജോസഫ്, ജോസഫ് മാത്യു, മിനിമോൾ, ജിന്റോ ജോർജ് എന്നിവർ പ്രസംഗിച്ചു.