ഭൂനിയമഭേദഗതിയിൽനിന്നു സർക്കാർ പിൻമാറണം: കർഷക മഹാപഞ്ചായത്ത്
1592449
Wednesday, September 17, 2025 11:32 PM IST
തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതിയിൽനിന്നു സർക്കാർ പിൻമാറണമെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന തലത്തിൽ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്നും സംസ്ഥാനത്തെ 111 സ്വതന്ത്ര കർഷക സംഘടനകളുടെ അപ്പെക്സ് ബോഡിയായ കർഷക മഹാപഞ്ചായത്ത് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലിയെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന എൽഡിഎഫ് പ്രസ്താവന അപലപനീയമാണ്. അദ്ദേഹത്തിന്റെ രക്തം പൊടിഞ്ഞാൽ തങ്ങളും ഒപ്പമുണ്ടാകും. അതിജീവന പോരാട്ടവേദിയുടെ നിലപാടിന് തങ്ങളുടെ പൂർണപിന്തുണയുണ്ട്. വിമർശനങ്ങൾ ഉന്നയിക്കുന്ന നേതാക്കളെ കൈകാര്യം ചെയ്യുമെന്ന എൽഡിഎഫ് നേതാക്കളുടെ വെല്ലുവിളി സംഘടന നേരിടും. ആരോപണങ്ങൾക്കും ഭീഷണിക്കുമെതിരേ എൻഐഎ, ഇഡി അടക്കമുള്ള ഏജൻസികൾക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
വിമർശിക്കുന്നവരുടെ വായ അടപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തീവ്രവാദ ബന്ധവും കള്ളപ്പണ ഇടപാടും ഉൾപ്പെടെ ആരോപിക്കുന്നവർ ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. കേന്ദ്രസർക്കാരിനെതിരേ എൽഡിഎഫിന്റെയും രാജ്യത്തെ വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ നേരത്തേ നടത്തിയ പ്രക്ഷോഭത്തെ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് പറഞ്ഞ് ആക്ഷേപിച്ച ഇതേ രീതിയാണ് എൽഡിഎഫും പിന്തുടരുന്നത്. ഭൂനിയമഭേദഗതിയുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ച സർക്കാരിനുണ്ടായി എന്നാണ് ചട്ടരൂപീകരണത്തിലൂടെ വ്യക്തമായിരിക്കുന്നത്.
അതിനാൽ 2013ൽ കൊണ്ടുവന്ന ഭൂഭേദഗതി നിയമം റദ്ദാക്കി 1960ലെ നിയമത്തിലെ സെക്ഷൻ 7(1) നൽകുന്ന അധികാരമുപയോഗിച്ച് കൃഷിക്കും വീടിനും എന്ന വിവിധ ചട്ടങ്ങളിൽ രേഖപ്പെടുത്തപ്പെട്ടത് ഇതര ഉപയോഗങ്ങൾക്കുമെന്ന വ്യവസ്ഥ കൂട്ടിച്ചേർത്ത് പരിഹരിക്കപ്പെടുകയാണ് വേണ്ടത്.
പതിറ്റാണ്ടുകളായി ഇടുക്കിയിലെ ജനങ്ങൾ സ്വന്തമായി അനുഭവിക്കുന്ന ഭൂമിയിൽനിന്ന് അവരെ കുടിയിറക്കാനുള്ള നീക്കമാണ് ഒടുവിലത്തെ ഭൂപതിവ് ചട്ടഭേദഗതി. പുതിയ വ്യവസ്ഥയിൽ വീട് നിർമാണസാധ്യമല്ലാത്തതുമായ ഭൂമി ഈട് വച്ചാൽ ബാങ്ക് ലോണ്‍ കിട്ടാത്തതുമായ സാഹചര്യമാണ് സംജാതമാകുന്നത്.
ഗുരുതരമായ വീഴ്ചയാണ് ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാരിന് സംഭവിച്ചിട്ടുള്ളത്. വരുംദിവസങ്ങളിൽ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ദേശീയ കർഷക സമര കോ-ഓർഡിനേറ്റർ കെ.വി. ബിജു, രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയി തോമസ്, അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലിൽ, ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്മെന്റ് നേതാക്കളായ പി.എം. ബേബി, സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിൾ ഫൗണ്ടേഷൻ ട്രസ്റ്റി ജയിംസ് വടക്കൻ, ഫാർമേഴ്സ് വെൽഫയർ ഫൗണ്ടേഷൻ ചെയർമാൻ സുജി മാസ്റ്റർ, തൃശൂർ പരിയാരം കർഷക രക്ഷാസമിതി ചെയർമാൻ ജിന്നറ്റ് മാത്യു, പ്രഫ. ജോസുകുട്ടി ഒഴുകയിൽ തുടങ്ങിയവർ പങ്കെടുത്തു.
വ്യവസ്ഥകള്‍ പിന്‍വലിക്കണം: യുഡിഎഫ്
നെടുങ്കണ്ടം: ഭൂപതിവ് ചട്ട ഭേദഗതിയിലെ വ്യവസ്ഥകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് യുഡിഎഫ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പട്ടയ ഭൂമിയില്‍ എല്ലാ അനുമതികളും വാങ്ങി നിര്‍മിച്ച വീടുകളും വ്യാപാരസ്ഥാപനങ്ങളും ക്രമവത്കരിക്കണമെന്ന് പറയുന്നത് നീതിനിഷേധവും അഴിമതിക്ക് വഴിവയ്ക്കുന്നതുമാണ്. കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ പട്ടയത്തിന്റെ പകര്‍പ്പ്, കരമടച്ച രസീത്, നിര്‍മാണത്തിന് അനുമതി ലഭിച്ചതിന്റെ രേഖകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഇതില്‍ ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷകള്‍ നിരസിക്കുമെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഭൂ ഉടമകളും കെട്ടിട ഉടമസ്ഥരും നെട്ടോട്ടമോടേണ്ടിവരും. നിര്‍മാണ നിരോധനം, പട്ടയപ്രശ്നം സങ്കീര്ണമാക്കല്, വനവിസ്തൃതി വര്‍ധിപ്പിക്കല്‍, സിഎച്ച്ആര്‍ തർക്കം, ലൈഫ് ഭവനപദ്ധതിക്കുള്ള സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഉണ്ടായത്.
ചട്ടഭേദഗതിയിലൂടെ ജനങ്ങളെ കൊള്ളയടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ യുഡിഎഫ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവരികയാണെന്നും നിയോജക മണ്ഡലം ചെയര്മാന് എം.ജെ. കുര്യന്, കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍, സെക്രട്ടറി പി.എസ്. യൂനുസ് എന്നിവര്‍ അറിയിച്ചു.
18ന് എല്‍ഡിഎഫ് അഭിവാദ്യ സദസുകള്‍
നെടുങ്കണ്ടം: ഭൂനിയമ ഭേദഗതി ചട്ടരൂപീകരണം ജില്ലയിലെ വ്യാപാരികളെ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി മന്ത്രിസഭ അംഗീകരിച്ച ചട്ടങ്ങള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ആക്ഷേപങ്ങളും നിര്‍ദേശങ്ങളും നല്കാമെന്നിരിക്കേയാണ് ചില അരാഷ്ട്രീയ സംഘടനകള്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. പുതിയ ഭേദഗതിയിലൂടെ വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങളും സാമുദായിക സംഘടനകളുടെ കെട്ടിടങ്ങളും കോമ്പൗണ്ടിംഗ് ഫീസ് ഇല്ലാതെ ക്രമവത്്കരിക്കപ്പെടും.
ഇതൂകൂടാതെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മാണത്തിനും നിയമപരമായ സാധുത കൈവരും. ഇടത്തരം വ്യാപാര സ്ഥാപനങ്ങളും ചട്ടഭേദഗതിയിലൂടെ നിയമവിധേയമാകും. മറ്റു കെട്ടിടങ്ങൾക്ക് നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ള സ്ഥലത്തിന്റെ ന്യായവിലമാത്രം പരിഗണിച്ച് കോമ്പൗണ്ടിംഗ് ഫീസ് അടച്ചാല്‍ മതിയെന്ന തരത്തിലാണ് ചട്ടം രൂപീകരിച്ചിട്ടുള്ളത്.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ 18ന് അഭിവാദ്യ സദസുകള്‍ സംഘടിപ്പിക്കും. നെടുങ്കണ്ടത്ത് കെ.കെ. ജയചന്ദ്രനും കുമളിയില്‍ കെ. സലിംകുമാറും അടിമാലിയില്‍ സി.വി. വര്‍ഗീസും കട്ടപ്പനയില്‍ ജോസ് പാലത്തിനാലും തൊടുപുഴയില്‍ കെ.കെ. ശിവരാമനും സദസുകള്‍ ഉദ്ഘാടനം ചെയ്യും.
സിപിഎം നേതാക്കളായ പി.എന്‍. വിജയന്, ടി.എം. ജോണ്‍, വി.സി. അനില്‍, രമേശ് കൃഷ്ണന് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.