കുട്ടിക്കാനം മരിയൻ കോളജിൽ രാജ്യാന്തര ശില്പശാല
1592309
Wednesday, September 17, 2025 7:04 AM IST
കുട്ടിക്കാനം: മരിയൻ കോളജിലെ മാധ്യമ പഠന വിഭാഗം, മൈൽ സ്റ്റുഡിയോസുമായി സഹകരിച്ച് പുതുതലമുറ ചലച്ചിത്രനിർമാണത്തിൽ രാജ്യാന്തര ശില്പശാല നടത്തും. എസ്ഡി കോളജ് കാഞ്ഞിരപ്പള്ളി, എസ്ബി കോളജ് ചങ്ങനാശേരി, സെന്റ് ജോർജ് കോളജ് അരുവിത്തുറ, സെന്റ് ആന്റണീസ് കോളജ് പെരുവന്താനം എന്നിവരുടെ പങ്കാളിത്തത്തോടെ നാളെ രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ യാണ് ശില്പശാല. കുട്ടിക്കാനം മരിയൻ കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കപ്പെടുന്ന ശില്പശാല കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് ഉദ്ഘാടനം ചെയ്യും.
ചലച്ചിത്രനിർമാണത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ, സൗണ്ട് ഡിസൈൻ, കളർ ഗ്രേഡിംഗ്, വിഎഫ്എക്സ്, സിനിമയിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ ശില്പശാലയിൽ ഉൾപ്പെടുന്നു. മൈൽ സ്റ്റുഡിയോയുടെ ടെക്നിക്കൽ ഡയറക്ടറും സൗണ്ട് എൻജിനിയറും ആപ്പിൾ സർട്ടിഫൈഡ് ട്രെയിനറും നെറ്റ്ഫ്ലിക്സ് പ്രൊജക്ടുകളിൽ പ്രവൃത്തിപരിചയമുള്ള വ്യക്തിയുമായ ജോണ് എം. കൊച്ചൻസിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ലിയോ ജോസഫ് തുടങ്ങിയവർ ശില്പശാല നയിക്കും.
മരിയൻ കോളജ് മാധ്യമ പഠന വിഭാഗം ഡയറക്ടർ പ്രഫ. എം. വിജയകുമാർ, വിഭാഗം തലവൻ ഫാ. സോബി തോമസ്, പ്രോഗ്രാം സ്റ്റാഫ് കോ-ഓർഡിനേറ്റർ നന്ദന കൃഷ്ണമൂർത്തി, ഡോ. നിധിൻ വർഗീസ് (എസ് ബി കോളജ് ചങ്ങനാശേരി), ജൂണോ ജോസ് (എസ്ഡി കോളജ് കാഞ്ഞിരപ്പള്ളി), യു.പി. മഹിത (സെന്റ്് ജോർജ് കോളജ് അരുവിത്തുറ), ആഷിൻ ജോസ് (സെന്റ് ആന്റണീസ് കോളജ് പെരുവന്താനം), സ്റ്റുഡന്റ്് കോ-ഓർഡിനേറ്റർമാരായ ഏണസ്റ്റ് ജോയൽ സുജിമോൻ, വി.എസ്. അതുല്യമോൾ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകും.