താഴ്ന്നുകിടക്കുന്ന വൈദ്യുതിലൈൻ അപകടഭീഷണി
1592710
Thursday, September 18, 2025 9:26 PM IST
കരിമണ്ണൂർ: നെയ്യശേരി - തോക്കുന്പൻസാഡിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഉയരം വർധിപ്പിച്ചതു മൂലം വൈദ്യുതി ലൈനുകൾ വാഹനങ്ങളിൽ തട്ടുന്ന വിധം താഴ്ന്നതായി പരാതി. ഇതോടെ റോഡിന് നടുവിൽ കൂടി മാത്രം വാഹനങ്ങൾ ഓടിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് ഡ്രൈവർമാരും നാട്ടുകാരും പറഞ്ഞു.
എതിർ ദിശയിൽ നിന്നെത്തുന്ന വാഹനങ്ങൾ സൈഡ് കൊടുക്കാനായി റോഡരികിലേക്ക് മാറ്റിയാൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വൈദ്യുതി ലൈനിൽ തട്ടുന്ന സാഹചര്യമാണുള്ളത്. ഇത് വലിയ അപകടത്തിനിടയാക്കുമെന്നാണ് ഇവരുടെ ഭയം.
ഇതിനു പുറമേ കരാർ കന്പനിയുടെ ഉൾപ്പെടെ വലിയ വാഹനങ്ങൾ തുടർച്ചയായി കടന്നുപോകുന്പോൾ ലൈനുകളിൽ തട്ടുകയും ഇതുമൂലം അമിത വൈദ്യുതി പ്രവാഹമുണ്ടായി സമീപ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്.
റോഡിന്റെ നിർമാണച്ചുമതലയുള്ള കഐസ്ടിപിയും കരാർ കന്പനിയുമാണ് ഇതു ചെയ്യേണ്ടതെന്ന നിലപാടിലാണ് കെഎസ്ഇബി അധികൃതർ. എത്രയും വേഗം വൈദ്യുതി ലൈൻ ഉയർത്തി അപകടഭീഷണി ഒഴിവാക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.