മലയോര ഹൈവേയിൽ പാറ അടർന്നുവീണു
1592451
Wednesday, September 17, 2025 11:32 PM IST
ഉപ്പുതറ: മലയോര ഹൈവേ നിർമാണത്തിനായി പാറയിൽ തമരടിച്ച് കെമിക്കൽ ഒഴിച്ചുവച്ചിരുന്ന ഭാഗത്തെ കല്ലുകൾ റോഡിലേക്ക് പതിച്ചു.
വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് പാറ അടർന്നുവീണത്. വൻ അപകടം ഒഴിവായി. പീരുമേട് സ്വദേശി സഞ്ചരിച്ച കാർ ഈ ഭാഗത്തേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.
ആലടിക്കും പരപ്പിനും ഇടയിൽ പാറമടയ്ക്കു സമീപമായിരുന്നു അപകടം. റോഡിന്റെ മുകൾവശത്തെ തിട്ടയുടെ ഭാഗത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുകയായിരുന്നു.
സംരക്ഷണഭിത്തി നിർമാണം നടക്കുന്നതിനു മുകളിലുള്ള ഭാഗത്തെ കല്ല് പൊട്ടിക്കാൻ കെമിക്കൽ ഒഴിച്ചുവച്ചിരുന്ന ഭാഗത്തെ കല്ലാണ് റോഡിലേക്ക് വീണത്. ഇതുസംബന്ധിച്ച് യാതൊരുമുന്നറിയിപ്പും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.