"രാജകുമാരി പഞ്ചായത്തിൽ വിഭജനം തോന്നിയപടി'
1592713
Thursday, September 18, 2025 10:12 PM IST
രാജകുമാരി: രാജകുമാരി പഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് കോൺഗ്രസ്. കരട് വിജ്ഞാപനം വന്നപ്പോൾത്തന്നെ രേഖാമൂലം ആക്ഷേപം ഉന്നയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്, ബോസ് പുത്തയത്ത്, സുനിൽ വാരിക്കാട്ട് എന്നിവർ പറഞ്ഞു.
ഉദ്യോഗസ്ഥർ ഹിയറിംഗിന് എത്തിയപ്പോൾ ഓരോ വാർഡിലെയും പരാതികൾ പരിശോധിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, അന്തിമ വിജ്ഞാപനം വന്നപ്പോൾ ഒന്നാം വാർഡിന്റെയും പതിന്നാലാം വാർഡിന്റെയും അതിരുകൾ തമ്മിലുള്ള വ്യത്യാസം പരിഹരിച്ചില്ല. അതിനാൽ കുറച്ചു വീടുകൾ രണ്ടു വാർഡിലും ഉൾപ്പെടുന്ന സ്ഥിതിയാണ്.
ഏകപക്ഷീയമോ ?
മറ്റു വാർഡുകളിലും അതിർത്തിനിർണയത്തിൽ അപാകത ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
വാർഡ് മാറിയ വോട്ടുകൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും പഞ്ചായത്തു സെക്രട്ടറി സിപിഎം നിർദേശപ്രകാരം ഏകപക്ഷീയമായി വോട്ടേഴ്സ് ലിസ്റ്റ് ഉണ്ടാക്കിയെന്നും കോൺഗ്രസ് ആരോപിച്ചു.
പഞ്ചായത്തിലെ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ സ്ഥിരതാമസക്കാരായ യുഡിഎഫ് അനുഭാവികളുടെ വോട്ട് വെട്ടിമാറ്റിയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സിപിഎം ഏരിയ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സുമ സുരേന്ദ്രന് രാജാക്കാട് പഞ്ചായത്തിലും രാജകുമാരി പഞ്ചായത്തിലും വോട്ട് ഉണ്ടെന്നും നേതാക്കൾ ആരോപിച്ചു.
വോട്ടർ പട്ടികയിൽ ക്രമക്കേടെന്നു പരാതി
നെടുംകണ്ടം: വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചു ഭരണത്തുടര്‍ച്ച നേടാനുള്ള സിപിഎം കുതന്ത്രങ്ങളെ ശക്തമായി നേരിടുമെന്നു കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരന്. മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി സിപിഎം ഭരിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി പഞ്ചായത്ത് സെക്രട്ടറിമാര്‍ യുഡിഎഫ് വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍നിന്നു വ്യാപകമായി ഒഴിവാക്കി. പുതുക്കിയ ലിസ്റ്റില്‍ പല പഞ്ചായത്തുകളിലും വര്‍ഷങ്ങളായി
സ്ഥിരതാമസക്കാരായ യുഡിഎഫ് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.
വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ അര്‍ഹരായവരെ ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ചുമതലപ്പെട്ട സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയത് 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 28-ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നിരിക്കേ ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു.