അഭിമാനത്തിന്റെ "പച്ചത്തുരുത്തിൽ’ ന്യൂമാൻ കോളജ്
1592712
Thursday, September 18, 2025 10:12 PM IST
തൊടുപുഴ: കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പുരസ്കാരം ന്യൂമാൻ കോളജിന്. ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി സർക്കാർ തെരഞ്ഞെടുത്ത കോളജിനുള്ള പുരസ്കാരം ന്യൂമാൻ കോളജ്, പത്തനംതിട്ട ജില്ലാ കളക്ടർ എസ്. ഹരികിഷോറിൽനിന്ന് ഏറ്റുവാങ്ങി.
1964ൽ സഹ്യന്റെ മടിത്തട്ടിൽ, തൊടുപുഴയാറിന്റെ സമീപത്ത് സ്ഥാപിതമായ കോളജാണ് കലാലയ വിഭാഗത്തിൽ മികച്ച പച്ചത്തുരുത്തായി അംഗീകരിക്കപ്പെട്ടത്.
2021ൽ ഹരിത കേരളം മിഷന്റെ ഇടപെടലിലൂടെ ഏകദേശം 10 സെന്റ് വരണ്ട ഭൂമിയിൽ തുടക്കമിട്ട പച്ചത്തുരുത്ത് ഇന്ന് ഒരേക്കറിൽ, അതിജീവനത്തിന്റെ മാതൃകയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അടയാളമായും മാറി.
ന്യൂമാനിലെ ബൊട്ടാണിക്കൽ ഗാർഡനിൽ വ്യത്യസ്ത വിഭാഗത്തിലുൾപ്പെട്ട വിവിധയിനം സസ്യങ്ങളെ നട്ട് പരിപാലിക്കുമ്പോൾ തുളസി, അശ്വഗന്ധ, ശംഖുപുഷ്പം തുടങ്ങിയ ആയുർവേദ സസ്യങ്ങളും ഇവിടെയുണ്ട്.
സുഗന്ധവ്യഞ്ജനങ്ങളെ "സ്പൈസ് ഗാർഡൻ’എന്ന വിഭാഗത്തിൽ പരിപാലിക്കുന്നു. ഏലം, കുരുമുളക്, കറുവപ്പട്ട, ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയ സസ്യങ്ങൾ ഇവിടെയുണ്ട്. ആന്തൂറിയം, ജെർബറ, റോസ്, ഗ്ലാഡിയോളസ് തുടങ്ങിയ പുഷ്പങ്ങൾ കാന്പസിനെ കൂടുതൽ സുന്ദരിയാക്കുന്നു. ജ്യോതിശാസ്ത്രത്തിന്റെ അടയാളങ്ങളായ 27 ഇനം സസ്യങ്ങളെ ’സ്റ്റാർ ഫോറസ്റ്റ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടുണ്ട്. ’ഫ്ലോറ ഓഫ് ന്യൂമാൻ’ എന്ന ശാസ്ത്രഗ്രന്ഥവും പുറത്തിറക്കിയിട്ടുണ്ട്.
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ’നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്ന പദ്ധതിയിൽ ന്യൂമാൻ കോളജിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറിലധികം വൃക്ഷങ്ങൾ കലാലയത്തിന്റെ വിവിധ മേഖലകളിൽ പരിപാലിക്കുന്നതിലൂടെ കാർബൺ സെക്കസ്ട്രേഷനിൽ കോളജ് പുതിയ മാതൃക സൃഷ്ടിക്കുകയാണ്.
കോളജ് രക്ഷധികാരി മാർ ജോർജ് മഠത്തിൽകണ്ടത്തിൽ, മാനേജർ മോൺ.ഡോ. പയസ് മലേകണ്ടത്തിൽ, കോർപറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി റവ. ഡോ.പോൾ പാറത്താഴം എന്നിവരുടെ മേൽനോട്ടത്തിൽ ബയോഡൈവേഴ്സിറ്റി ക്ലബ് കോർഡിനേറ്റർ ഡോ. ജയ്ബി സിറിയക്, കോളജ് ബർസാർ ഫാ.ബെൻസൺ ആന്റണി, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, അധ്യാപകർ, അനധ്യാപകർ,വിദ്യാർഥികൾ തുടങ്ങിയവരുടെ ഒത്തൊരുമയും കഠിനാധ്വാനവുമാണ് നേട്ടത്തിനു പിന്നിലെന്ന് പ്രിൻസിപ്പൽ ഡോ.ജെന്നി കെ. അലക്സ് അറിയിച്ചു.