കാഴ്ചയുടെ വസന്തം തീർത്ത് മൈക്രോവേവ് വ്യൂ പോയിന്റ്
1592321
Wednesday, September 17, 2025 7:04 AM IST
ഇടുക്കി: അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയവുമായി ഇടുക്കി പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് സഞ്ചാരികളെ മാടി വിളിക്കുന്നു. ഇവിടെനിന്നാൽ കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലെ കുളിരേകുന്ന കാഴ്ചകൾ കാണാം.
വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും മറ്റും ഒട്ടേറെ പേർ ഇവിടം തേടിയെത്തുന്നുണ്ട്.
മൈക്രോവേവ് വ്യൂ പോയിന്റിൽനിന്നാൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മനോഹര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയിടുക്കിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഏറെ ചേതോഹരം. മേഘങ്ങൾക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യനും പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകിനീങ്ങുന്ന മേഘങ്ങളും കാഴ്ചയുടെ പുത്തൻ അനുഭവം തീർക്കും.
ആർച്ച് ഡാമായ ഇടുക്കി ജലാശയം ഇവിടെനിന്നാൽ കാണാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി, ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി ഉദയഗിരി, കാൽവരിമൗണ്ട് മലനിരകളുടെ കാഴ്ചകൾ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ്.
കൂടാതെ ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്, പൂപ്പാറ, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യഭംഗിയും ആസ്വദിക്കാനാകും. ഇതിനു പുറമേ ചുറ്റുമുള്ള പച്ചപ്പിന്റെ വന്യസൗന്ദര്യം സന്ദർശകരെ വിസ്മയിപ്പിക്കും. ചിലപ്പോൾ കാട്ടിൽ മേഞ്ഞു നടക്കുന്ന ആന, കുരങ്ങ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും കാണാനാകും.
സന്ദർശന സമയം
രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിർമിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് ഈ സ്ഥലം പരിപാലിക്കുന്നത്. അവരിൽ മൂന്നു പേർ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ടാകും.
എത്തിച്ചേരാൻ
തൊടുപുഴ - ചെറുതോണി സംസ്ഥാനപാതയിൽ കുയിലിമല സിവിൽ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് എംആർഎസ് സ്കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുള്ള ഓഫ് റോഡിനു സമാനമായ പാതയിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം. സാഹസികയാത്രികർക്ക് നവ്യാനുഭവം പകരുന്നതാണ് ഈ യാത്ര.