വന്യജീവി സംഘർഷം: ഹെൽപ് ഡെസ്ക് തുടങ്ങി
1592320
Wednesday, September 17, 2025 7:04 AM IST
തൊടുപുഴ: വന്യജീവിശല്യം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്ന തിന്റെ ഭാഗമായി വനംവകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞ പരിപാടിക്കു ജില്ലയിൽ തുടക്കമായി. ആദ്യഘട്ടമായി തദ്ദേശ സ്ഥാപനങ്ങളിലും റേഞ്ച് ഓഫീസുകളിലും വനംവകുപ്പിന്റെ ഹെൽപ് ഡെസ്കുകൾ ആരംഭിച്ചു. ഇതോടൊപ്പം വനംവകുപ്പുമായി ബന്ധപ്പെട്ട പരാതികൾ, നിർദേശങ്ങൾ, കർഷകർ അഭീമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവ സമർപ്പിക്കാനായി പരാതിപ്പെട്ടികളും സ്ഥാപിച്ചു. 31 വരെ ഇതുവഴി പരാതികളും നിർദേശങ്ങളും നൽകാം.
30 ഹോട്ട് സ്പോട്ടുകൾ
ഹെൽപ് ഡെസ്ക് വഴി പരാതികളും പ്രശ്നങ്ങളും സ്വീകരിച്ചു പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. വനം ഉദ്യോഗസ്ഥരും ജനപ്രതിനിധികളുംഅടങ്ങുന്ന ടീമുകൾ ഹെൽപ് ഡെസ്കുകൾ മുഖേന പരാതി സ്വീകരിക്കും. ഓരോ പഞ്ചായത്തിലും ഇതിനായി ഫെസിലിറ്റേറ്ററെ ചുമതലപ്പെടുത്തി.
പ്രാദേശികമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളിൽ ആദ്യഘട്ടത്തിൽത്തന്നെ പരിഹാരം കാണും. സംസ്ഥാനത്ത് 273 പഞ്ചായത്തുകളിലാണ് ഒക്ടോബർ 30 വരെ തീവ്രയജ്ഞ പരിപാടി. ഇതിൽ മുപ്പതോളം പഞ്ചായത്തുകളിൽ വന്യജീവി ആക്രമണം മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നതിനാൽ ഇവ ഹോട്ട്സ്പോട്ടുകളായി പരിഗണിച്ചായിരിക്കും പ്രവർത്തനം.
രണ്ട്, മൂന്നു ഘട്ടങ്ങൾ
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലാണ് രണ്ടാം ഘട്ട പ്രവർത്തനം. എംഎൽഎമാർ ഉൾപ്പെടെ ഇതിൽ പങ്കാളികളാകും. മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണ സമിതി കണ്വീനറായ ഡിഎഫ്ഒമാർക്കായിരിക്കും നിർവഹണ ചുമതല.
ജില്ലാ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത സങ്കീർണമായ പ്രശ്നങ്ങൾ മൂന്നാം ഘട്ടത്തിൽ പരിഗണിക്കും. ഇതിനായി മന്ത്രിമാർ, എംഎൽഎമാർ, വകുപ്പ് മേധാവികൾ എന്നിവർ ഉൾപ്പെടെ ചർച്ചകൾ നടത്തി പരിഹാര മാർഗം കണ്ടെത്തുകയാണ് ലക്ഷ്യം.
വന്യജീവി ആക്രമണമുള്ള മേഖലകൾ പ്രത്യേക ക്ലസ്റ്ററുകൾ ആയി തിരിച്ചായിരിക്കും പരിഹാര മാർഗം കണ്ടെത്തുക. ഇവിടെയും പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കേന്ദ്രസഹായത്തോടെ പരിഹരിക്കാൻ ശ്രമം നടത്തും.
പരാതിപ്പെട്ടികളുള്ള പഞ്ചായത്തുകൾ
കാഞ്ചിയാർ, ഉപ്പുതറ, കാമാക്ഷി, പീരുമേട്, പെരുവന്താനം, വാഴത്തോപ്പ്, കുമളി,വണ്ടിപ്പെരിയാർ, ചക്കുപള്ളം, നെടുങ്കണ്ടം, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഉടുന്പന്നൂർ, വണ്ണപ്പുറം, മൂന്നാർ, ഇടമലക്കുടി, ദേവികുളം, ചിന്നക്കനാൽ, ശാന്തൻപാറ, അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, കഞ്ഞിക്കുഴി, മാങ്കുളം, മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും പരാതിപ്പെട്ടിയും ഹെൽപ്പ് ഡെസ്കും ആരംഭിച്ചു. ഇതിനു പുറമെ ഇടുക്കി അതിർത്തിയിൽ എറണാകുളം ജില്ലയിൽപെട്ട പൈങ്ങോട്ടൂർ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലുമാണ് പരാതിപ്പെട്ടികൾ സ്ഥാപിച്ചത്.