ഹണി ട്രാപ്പ്: സൂക്ഷിക്കുക അവർ അരികിലുണ്ട്
1592705
Thursday, September 18, 2025 9:26 PM IST
തൊടുപുഴ: ഓണ്‍ലൈൻ തട്ടിപ്പുകൾ, ഹണിട്രാപ്പ് എന്നിവയിൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പോലീസ്. അടുത്ത നാളുകളിൽ ഇത്തരം സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പോലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്.
ഒരു വ്യക്തിയെ വഞ്ചിക്കുക, ചൂഷണം ചെയ്യുക, അല്ലെങ്കിൽ സ്വകാര്യ വിവരങ്ങൾ ചോർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രണയം നടിച്ചു കെണിയിലാക്കുന്നതിനെയാണ് ഹണി ട്രാപ്പ് എന്നു പറയുന്നത്.
ആദ്യം ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയും മറ്റും സൗഹൃദം സ്ഥാപിക്കും. കെണിയിയാകുന്നവരെ തന്ത്രപൂർവം താവളങ്ങളിലേക്കു വരുത്തി സ്വകാര്യ വീഡിയോയും ഫോട്ടോകളുമൊക്കെ ബലമായി പകർത്തിയെടുക്കും.
തുടർന്ന് ഇതുവച്ച് ബ്ലാക്ക് മെയിൽ ചെയ്യും. തട്ടിപ്പിനിരയാകുന്ന മിക്കവരും മാനക്കേട് ഭയന്നു വിവരം പുറത്തുപറയില്ല എന്നതാണ് ഇത്തരം സംഘങ്ങൾക്കു ബലമാകുന്നത്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
അപരിചിതരുമായി ഓണ്‍ലൈനിൽ ബന്ധം സ്ഥാപിക്കുന്പോൾ കൂടുതൽ ശ്രദ്ധ വേണം. പെട്ടെന്ന് അടുപ്പം കാണിക്കുന്നവരെ സംശയിക്കണം.
ഒന്നിച്ചു സമയം ചെലവഴിക്കാൻ പ്രലോഭിപ്പിക്കുന്നവരെ സൂക്ഷിക്കുക, വ്യക്തിപരമായ വിവരങ്ങളോ ചിത്രങ്ങളോ സാന്പത്തിക ഇടപാടുകളോ അപരിചിതരുമായി പങ്കുവയ്ക്കരുത്.
അക്കൗണ്ടുകൾ വ്യാജമാണോ എന്നു തിരിച്ചറിയാൻ ശ്രമിക്കുക, അക്കൗണ്ടിന്റെ പ്രൊഫൈൽ ചിത്രങ്ങളും പോസ്റ്റുകളും യഥാർഥമാണോയെന്നു പരിശോധിക്കുക, സാന്പത്തിക സഹായം ആവശ്യപ്പെട്ട് ആരെങ്കിലും സമീപിക്കുകയാണെങ്കിൽ പ്രത്യേകിച്ച് ശ്രദ്ധിക്കുക.
സംശയകരമായി എന്തെങ്കിലും തോന്നിയാൽ ഉടൻ അവരുമായുള്ള ബന്ധം വിച്ഛേദിക്കുക. തുടർന്ന് അവരെ ബ്ലോക്ക് ചെയ്യുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുക.