ജില്ലയിൽ വികസനസദസ് 22 മുതൽ
1592707
Thursday, September 18, 2025 9:26 PM IST
ഇടുക്കി: സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് ജനാഭിപ്രായം ലഭ്യമാക്കുകയും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദേശങ്ങളും സ്വരൂപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന സദസ് ജില്ലയിൽ 22 മുതൽ ഒക്ടോബർ 20 വരെ നടക്കും.
അതത് തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് വികസനസദസുകൾ സംഘടിപ്പിക്കുക. പഞ്ചായത്തുകളിൽ 250 മുതൽ 300 പേരും നഗരസഭകളിൽ 1000 പേരും വികസന സദസിൽ പങ്കെടുക്കും.
അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ പദ്ധതികളുടെ ഭാഗമായി ഭൂമി വിട്ടുനൽകിയവർ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ആദരിക്കും. വികസനനേട്ടങ്ങളുടെ അവതരണം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടത്തും.
തുടർന്ന് പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായവും നിർദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്ന ഓപ്പണ്‍ ഫോറവും ചർച്ചയും നടക്കും.
22ന് ബൈസണ്‍വാലി, കുമാരമംഗലം, 23ന് ചിന്നക്കനാൽ, ഉടുന്പൻചോല, 24ന് ഏലപ്പാറ, ഇരട്ടയാർ, 25ന് വണ്ടൻമേട്, 26ന് കൊന്നത്തടി, 30ന് കാമാക്ഷി, കാഞ്ചിയാർ, കാന്തല്ലൂർ, ഒക്ടോബർ രണ്ടിന് അടിമാലി, മൂന്നിന് വെള്ളത്തൂവൽ, അഞ്ചിന് കൊക്കയാർ, ആറിന് മരിയാപുരം, മുട്ടം, ഏഴിന് ഉടുന്പന്നൂർ, അയ്യപ്പൻകോവിൽ, ആലക്കോട്, എട്ടിന് മൂന്നാർ, ഒൻപതിന് ഉപ്പുതറ, വാത്തിക്കുടി, വട്ടവട, മാങ്കുളം, കരിമണ്ണൂർ, പാന്പാടുംപാറ, 10ന് വെള്ളിയാമറ്റം, കരുണാപുരം, ദേവികുളം, കോടിക്കുളം, 13ന് വണ്ണപ്പുറം, കുമളി, 14ന് ചക്കുപള്ളം, രാജാക്കാട്, 15ന് സേനാപതി, ശാന്തൻപാറ, ഇടമലക്കുടി, അറക്കുളം, 16ന് കരിങ്കുന്നം, കുടയത്തൂർ, നെടുങ്കണ്ടം, 17ന് വണ്ടിപ്പെരിയാർ, പുറപ്പുഴ, പെരുവന്താനം, 18ന് ഇടവെട്ടി, മണക്കാട്, പള്ളിവാസൽ, രാജകുമാരി, തൊടുപുഴ, കട്ടപ്പന നഗരസഭകൾ, 19ന് പീരുമേട്, 27ന് വാഴത്തോപ്പ് പഞ്ചായത്ത് എന്നിങ്ങനെയാണ് വികസന സദസ് സംഘടിപ്പിക്കുന്നത്.
വികസനസദസിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. സത്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസഫ് എന്നിവർ പ്രസംഗിച്ചു.