കൊളുക്കുമലയിലേക്ക് കിടുക്കൻ ജീപ്പ് സഫാരി
1592455
Wednesday, September 17, 2025 11:32 PM IST
ഇടുക്കി: മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കൊളുക്കുമലയിലെ പ്രധാന വിനോദമായ ജീപ്പ് സഫാരി സുരക്ഷിതമാക്കാനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ഊർജിതമാക്കിയതോടെ സഞ്ചാരികൾ ഒഴുകുന്നു.
സഞ്ചാരികൾക്കു സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികളാണ് കൂടുതൽ പേരെ കൊളുക്കുമലയിലെ സാഹസിക യാത്രയിലേക്ക് ആകർഷിക്കുന്നത്.
ദിനംപ്രതി അഞ്ഞൂറിലധികം പേരാണ് ഇവിടെ ജീപ്പ് സഫാരിക്ക് എത്തുന്നത്.
സജീവ പരിശോധന
കൊളുക്കുമല ടൂറിസം സേഫ്റ്റി കമ്മിറ്റി കണ്‍വീനറായ ഉടുന്പൻചോല ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലാണ് സുരക്ഷിതയാത്ര ഉറപ്പാക്കുന്നത്. കൃത്യമായ ഇടവേളകളിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനയും യോഗ്യരായ ഡ്രൈവർമാരുടെ സേവനവും ഉറപ്പുവരുത്തും.
ജീപ്പ് സഫാരി എസ്ഒപി മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെയാണ് സുരക്ഷിതയാത്രയ്ക്ക് അവസരമൊരുങ്ങിയത്. ഇതു കൂടാതെ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ എല്ലാ ദിവസവും ഡ്രൈവർമാരെ ബ്രത്ത് അനലൈസർ പരിശോധന നടത്തും. ഒരു ജീപ്പിൽ ആറുപേർക്കാണ് കൊളുക്കുമല സഫാരി നടത്താൻ സാധിക്കുന്നത്. രാവിലെ നാലു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന മൂലം നിരവധിപേർ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും നൂറോളം ഡ്രൈവർമാർ സ്വന്തമായി വാഹനം വാങ്ങുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പിന്റെ ക്രിയാത്മകമായ ഇടപെടലുകളാണ് കൊളുക്കുമലയിൽ കുറ്റമറ്റ രീതിയിൽ ജീപ്പ് സഫാരിക്കു തുണയാകുന്നത്.