ഇടുക്കിയിലെ നിരത്തുകളിൽ നിലയ്ക്കാത്ത നിലവിളി ; എട്ടു മാസത്തിനിടെ പൊലിഞ്ഞത് 74 ജീവൻ
1592443
Wednesday, September 17, 2025 11:32 PM IST
തൊടുപുഴ: ജില്ലയിലെ നിരത്തുകൾ ചോരക്കളങ്ങളാകുന്നതു തുടരുന്നു. അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും മത്സരയോട്ടവും മൂലം എട്ടു മാസത്തിനിടെ ജില്ലയിൽ പൊലിഞ്ഞത് 74 ജീവനുകൾ. ഈ വർഷം ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ ജില്ലയിൽ 757 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 66 അപകടങ്ങളിലായാണ് 74 പേർ മരിച്ചത്. ആകെ 1,132 പേർക്കു പരിക്കേറ്റു. 792 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിനുപുറമെ കേസ് റജിസ്റ്റർ ചെയ്യാത്ത അപകടങ്ങളും ഏറെ. ഈ മാസവും ജില്ലയിൽ ഒട്ടേറെ അപകടമരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മത്സരയോട്ടം തടയുന്നില്ല
മോട്ടോർ വാഹനവകുപ്പും പോലീസും പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും അപകടങ്ങൾ കുറയുന്നില്ല. എഐ കാമറകളുടെ വരവോടെ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ട്. അതേസമയം, മറ്റു നിയമലംഘനങ്ങൾക്കു കുറവില്ല. അമിത വേഗവും സ്വകാര്യ ബസുകളുടെയും ടിപ്പർ, ടോറസ് ലോറികളുടെ മത്സരയോട്ടവും നിയന്ത്രിക്കാൻ ഒരു നടപടികളും ഉണ്ടാകുന്നില്ല. ജില്ലയിൽ അപകടത്തിൽപെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണ്.
അശ്രദ്ധയുടെ വില
വലിയ വാഹന ഡ്രൈവർമാരുടെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും അമിത വേഗവും ഇരുചക്ര വാഹന യാത്രക്കാരുടെ ജീവനെടുക്കുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ സിഗ്നൽ ജംഗ്ഷനിൽ അശ്രദ്ധമായി തിരിച്ച ലോറിക്കടിയിൽപ്പെട്ടു സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരിച്ചിരുന്നു.
ഡ്രൈവർമാർ വേണ്ടത്ര വിശ്രമമില്ലാതെ വാഹനമോടിക്കുന്നതും രാത്രി ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതുമെല്ലാം അപകടങ്ങൾക്കിടയാക്കുന്നു.
വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും നിറഞ്ഞതാണു ജില്ലയിലെ റോഡുകളിൽ ഭൂരിഭാഗവും. ഇത്തരം റോഡുകളിലൂടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മുന്നറിയിപ്പ് , സുരക്ഷാ സംവിധാനങ്ങളുടെ കുറവ് എന്നിവയും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. ഇതിനിടെ, അപകട സാധ്യത കൂടിയ റോഡുകളിൽ അമിത വേഗവും മറ്റും നിയന്ത്രിക്കാൻ മോട്ടോർ വാഹനവകുപ്പ് വിവിധ പദ്ധതികൾ നേരത്തെ ആവിഷ്കരിച്ചിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം മന്ദീഭവിച്ചു.
അപകട മരണങ്ങൾ ഇങ്ങനെ
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവുമധികം
അപകട മരണങ്ങൾ നടന്നത്.
ജനുവരി - 17
ഫെബ്രുവരി - 19
മാർച്ച് - 5
ഏപ്രിൽ - 7
മേയ് - 5
ജൂണ് - 10
ജൂലൈ - 6
ഓഗസ്റ്റ് - 5
പ്രധാന കാരണങ്ങൾ
അമിതവേഗം
അശ്രദ്ധമായ ഡ്രൈവിംഗ്
മദ്യപിച്ച് വാഹനമോടിക്കൽ
അശ്രദ്ധമായ ഓവർടേക്കിംഗ്
റോഡിന്റെ ശോച്യാവസ്ഥ
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കൽ.