കുരുമുളകിനു രോഗബാധ; ആശങ്കയിൽ കർഷകർ
1592442
Wednesday, September 17, 2025 11:32 PM IST
ചെറുതോണി: കർഷകരുടെ പ്രതീക്ഷകൾക്കു തിരിച്ചടിയായി കുരുമുളക് ചെടികളിൽ രോഗബാധ.
കഞ്ഞിക്കുഴി പഞ്ചായത്തിൽ മഞ്ഞളിപ്പ് രോഗം ബാധിച്ചു നിരവധി കർഷകരുടെ കുരുമുളക് ചെടികളാണ് നശിക്കുന്നത്. രോഗം ബാധിച്ച ചെടികൾ ദിവസങ്ങൾക്കുള്ളിൽ ഉണങ്ങിക്കരിയുകയാണ്. കുരുമുളക് ചെടികളിൽ രോഗബാധ വ്യാപകമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്നു യാതൊരു നടപടിയുമില്ലെന്നാണ് കർഷകരുടെ പരാതി.
മഞ്ഞളിപ്പ് രോഗം ബാധിക്കുന്നതോടെ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇല കൊഴിഞ്ഞും തണ്ടുകൾ ഉണങ്ങിയും ചെടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായും നശിക്കുന്ന അവസ്ഥയാണ്. രോഗബാധ കണ്ടുതുടങ്ങിയപ്പോൾത്തന്നെ കർഷകർ കൃഷിഭവനിൽ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് പരാതി. കുരുമുളക് കൃഷി വ്യാപകമായി നശിക്കുന്നതു തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.