വന്യജീവി ആക്രമണം ; കരട് ബില്ല് മലയോരമേഖലയ്ക്ക് ആശ്വാസം: കേരള കർഷകസംഘം
1591910
Monday, September 15, 2025 11:45 PM IST
കട്ടപ്പന: ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻതന്നെ ആ വന്യമൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന വന്യജീവി സംരക്ഷണ നിയമം (കേരളം) ഭേദഗതിയുടെ കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതോടെ മലയോര കർഷകരുടെ വലിയ പ്രശ്നത്തിന് പരിഹാരമായെന്ന് കേരള കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡന്റ് എൻ.വി. ബേബി എന്നിവർ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു.
നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് പ്രൊസീജിയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തരനടപടി സ്വീകരിക്കാൻ സാധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകൾ.
പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ അവയുടെ ജനനനിയന്ത്രണം നടത്തൽ, മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തൽ എന്നിവയ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ഒഴിവായി.
പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുവെന്ന് കണ്ടാൽ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം.
ഇതിനു പകരം സംസ്ഥാന സർക്കാരിന് ഈ അധികാരം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്. ഇപ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത്തരം വന്യജീവിയെ ആർക്ക് വേണെമെങ്കിലും ഏതുവിധത്തിലും കൊല്ലാം.
അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകില്ല. നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽനിന്നു പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഇപ്പോഴത്തെ കേന്ദ്ര നിയമത്തിലെ ഓപ്പറേറ്റിംഗ് പ്രൊസീജിയർ കോഡ് പ്രകാരം ഒരു വന്യമൃഗത്തെയും കൊല്ലാൻ ഇന്ത്യയിലൊരിടത്തും കഴിയില്ല. ബില്ലിലെ വ്യവസ്ഥകളോട് എംപിക്കും യുഡിഎഫിനും വിയോജിപ്പുണ്ടോ എന്ന് അവർ വ്യക്തമാക്കണമെന്നും
കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോർജ്, കട്ടപ്പന ഏരിയാ സെക്രട്ടറി കെ.എൻ. വിനീഷ്കുമാർ എന്നിവർ പറഞ്ഞു.