രൂപതാ ദിനാചരണത്തിന് പ്രൗഢോജ്വല പരിസമാപ്തി
1549563
Tuesday, May 13, 2025 5:35 PM IST
നെടുങ്കണ്ടം: ഇടുക്കി രൂപതാ ദിനാചരണത്തിന് പ്രൗഢോജ്വലമായ പരിസമാപ്തി. നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ നടത്തിയ സമൂഹ ബലിയോടും പൊതുസമ്മേളനത്തോടും കൂടിയാണ് രൂപതാ ദിനം സമാപിച്ചത്. സമൂഹബലിക്ക് മുന്നോടിയായി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽനിന്നും ആരംഭിച്ച പ്രദക്ഷിണം ശ്രദ്ധേയമായി.
മാലാഖ വേഷധാരികളായ കുട്ടികളുടെയും അൾത്താര ബാലസംഘത്തിന്റെയും അകന്പടിയോടെ മെത്രാൻമാരും വൈദികരും ദേവാലയത്തിൽ എത്തിച്ചേർന്നു.
രൂപതാ മെത്രാൻ മാർ ജോണ് നെല്ലിക്കുന്നേൽ സമൂഹബലിക്ക് മുഖ്യ കാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാനയിൽ ജഗദൽപുർ രൂപതാ മെത്രാൻ മാർ ജോസഫ് കൊല്ലംപറന്പിലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായി. സമർപ്പിത സമൂഹങ്ങളുടെ സുപ്പീരിയർമാരും അത്മായ പ്രതിനിധികളും ജനപ്രതിനിധികളും രൂപതാ ദിനത്തിൽ പങ്കാളികളായി.