കാട്ടാന കൃഷി നശിപ്പിച്ചു
1549561
Tuesday, May 13, 2025 5:35 PM IST
ഉപ്പുതറ: കാട്ടാനയുടെ താണ്ഡവത്തിൽ കർഷകന് ലക്ഷങ്ങളുടെ നാശനഷ്ടം. വളകോട് മുത്തംപടി കല്ലേറ്റ്പാറ ചെറുകരകുന്നേൽ തോമസിന്റെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി ദേഹണ്ഡങ്ങൾ നശിപ്പിച്ചത്. ഏലം, കുരുമുളക് ചെടികൾ ഒടിച്ചും ചവിട്ടിമെതിച്ചും നശിപ്പിച്ചു.
തോമസിന്റെ വീടിന് സമീപത്താണ് കാട്ടാനയിറങ്ങി ആക്രമണം നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര വിളിച്ചിട്ട് ഫോണ് എടുത്തില്ലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വേനലിൽ കൃഷി ഉണങ്ങി നശിച്ചിരുന്നു.
തുടർന്ന് പുനർകൃഷി ചെയ്ത് പരിപാലിച്ച അരയേക്കറോളം സ്ഥലത്തെ ഏലം, കുരുമുളക് കൃഷികളാണ് ഇപ്പോൾ കാട്ടാന നശിപ്പിച്ചിരിക്കുന്നത്. കുലച്ച 20 വാഴ തിന്നും നശിപ്പിച്ചു. വർഷത്തിൽ രണ്ടും മൂന്നും തവണയാണ് കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തിൽ എത്തുന്നത്. വന്നുകഴിഞ്ഞാൽ ഒരു പ്രദേശമാകെ വെളുപ്പിച്ച ശേഷമാണ് ഇവകളുടെ മടക്കം.
തോമസിന് ലക്ഷങ്ങളാണ് ഒറ്റരാത്രികൊണ്ട് നഷ്ടമായത്.കാക്കത്തോട ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് ഇന്നലെ കാട്ടാന നാശം വിതച്ചത്. വനം വകുപ്പ് വൻമരങ്ങൾ കൃഷിചെയ്തതോടെ അടിക്കാടുകൾ ഇല്ലാതായതും വനത്തിൽ തീറ്റനഷ്ടപ്പെട്ടതുമാണ് കാട്ടാന നാട്ടിലിറങ്ങി ശല്യം ഉണ്ടാക്കാൻ കാരണം.
ഓരോ വർഷവും ലക്ഷങ്ങൾ നഷ്ടമുണ്ടാകുന്പോഴും ഒരു രൂപ പോലും വനം വകുപ്പ് നഷ്ടപരിഹാരം നൽകാറുമില്ല. കാട്ടാന ശല്യം വിട്ടൊഴിയാത്തതിനാൽ ജീവൻ പണയംവച്ചാണ് കർഷകർ രാത്രികളിൽ കഴിയുന്നത്. പ്രദേശത്തെ ആനശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് തോമസിന്റെയും മറ്റ് കർഷകരുടെയും ആവശ്യം.