മന്ത്രി റോഷിക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
1549560
Tuesday, May 13, 2025 5:35 PM IST
വണ്ടിപ്പെരിയാർ: മന്ത്രി റോഷി അഗസ്റ്റിനെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. വണ്ടിപ്പെരിയാറ്റിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചത്.
ഡാമുകൾക്കു ചുറ്റും ബഫർ സോണ്‍ പ്രഖ്യാപിച്ച് ക്വാറിയിംഗിനും മൈനിംഗിനും നിരോധനമേർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക, സിഎച്ച്ആർ കേസിൽ സർക്കാർ സുപ്രീം കോടതിയിൽ നൽകിയ തെറ്റായ സത്യവാങ്മൂലം തിരുത്തി നൽകുക, തൊമ്മൻകുത്തിൽ കൈവശഭൂമിയിലെ കുരിശ് പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥക്കെതിരേയും ഈ പ്രദേശമുൾപ്പെടെ 4005 ഏക്കർ വനമാണെന്ന് റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരേയും നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മന്ത്രിയക്കെതിരേ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ബഫർ സോണ്‍ പ്രഖ്യാപിച്ച് മണ്ണ് എടുക്കുന്നതിനും പാറ പൊട്ടിക്കുന്നതിനും നിരോധനമേർപ്പെടുത്തിയതോടെ നിർമാണ സാമഗ്രികൾക്ക് അയൽ ജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.
സിഎച്ച്ആർ വിഷയത്തിൽ കർഷക താത്പര്യം സംരക്ഷിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല.തൊമ്മൻകുത്തിൽ കൈവശഭൂമിയിലെ കുരിശ് പൊളിച്ച വനം വകുപ്പിന്റെ നടപടി ജില്ലയിൽ വന വിസ്തൃതി വർധിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഈ പ്രദേശത്ത് സന്ദർശനം നടത്താനോ കുരിശ് പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കൈവശമുള്ള പട്ടയഭൂമി വനമാണെന്ന് റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരേയും നടപടി എടുക്കാനോ മന്ത്രി തയാറായിട്ടില്ലെന്നും പ്രവർത്തകർ ആരോപിച്ചു.
പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ, മണ്ഡലം പ്രസിഡന്റുമാരായ എൻ. അഖിൽ, വിക്കി വിഘ്നേഷ് , കെ.പി. വിജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.