തോപ്രാംകുടിയിൽ വ്യാപാരിക്ക് മർദനം; പ്രതികൾ അറസ്റ്റിൽ
1549562
Tuesday, May 13, 2025 5:35 PM IST
ചെറുതോണി : തോപ്രാംകുടിയിലെ വ്യാപാരിയെ മർദിച്ച കേസിൽ ഒളിവിൽ പോയ എട്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതികളെ ഇടുക്കി ഡിവൈഎസ്പി ജിൽസണ്‍ മാത്യുവിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രി തോപ്രാംകുടിയിൽ ക്ഷേത്ര ഉത്സവത്തിനിടയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ടൗണിലെ ലോട്ടറി വ്യാപാരിയായ തോപ്രാംകുടി കുഴിക്കാട്ട് ജിജേഷിന് മർദനമേറ്റത്. ക്ഷേത്രാങ്കണത്തിൽ ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷമാണ് തുടക്കം.
പോലീസ് എത്തി ബഹളം ഉണ്ടാക്കിയവരെ സ്ഥലത്തുനിന്ന് മാറ്റി. എന്നാൽ, ഒരു മണിക്കൂറിനു ശേഷം ടൗണിൽ ജിജേഷിനെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കന്പിവടിയും കുറുവടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ജിജേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാൾ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട് കടന്നുകളഞ്ഞ കാമാക്ഷി - അന്പലമേട് സ്വദേശികളായ അനന്ദു, സച്ചു, തോപ്രാംകുടി സ്വദേശികളായ ശരത്, രാഹുൽ, അരുണ്‍ അഭിലാഷ്, പ്രകാശ് സ്വദേശി നോബിൾ മത്തായി, പടമുഖം സ്വദേശി സുനീഷ്, കൊന്നക്കാമാലി സ്വദേശി വിഷ്ണു എന്നിവരെയാണ് ഇന്നലെ പുലർച്ചെ എറണാകുളത്തുനിന്ന് മുരിക്കാശേരി പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചത്.
ഇടുക്കി ഡിവൈഎസ്പി സ്ഥലത്ത് എത്തിയശേഷം മുരിക്കാശേരി സ്റ്റേഷൻ ചുമതലയുള്ള കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ ജി. അനൂപ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരി ക്കുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഇടുക്കി ഡിവൈഎസ്പ ജിൽസണ്‍ മാത്യു പറഞ്ഞു. മുരിക്കാശേരി സബ് ഇൻസ്പെക്ടർമാരായ കെ.ഡി. മണിയൻ, ഡെജി പി. വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.ജി. ജോബി, ഇ.എസ്. രതീഷ്, എസ്. അനീഷ്, ഷിന്റോ തോമസ്, സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വ്യാപാരിയെ മർദിച്ചതിൽ പ്രതിഷേധിച്ച് തോപ്രാംകുടിയിൽ ഇന്നലെ വൈകുന്നേരം നാലുമുതൽ കടകൾ അടച്ച് വ്യാപാരികൾ ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.