രൂക്ഷമായ യാചകശല്യത്തിനെതിരേ പഞ്ചായത്ത്
1485223
Sunday, December 8, 2024 3:45 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ യാചക ശല്യം രൂക്ഷമാകുന്നതായി പരാതി. പഞ്ചായത്ത് ഇടപെട്ട് മേഖലയിലിറങ്ങിയ യാചകരെ തിരിച്ചയച്ചു. വിവിധ രോഗങ്ങളുള്ളവരും വൃദ്ധരും വൈകല്യങ്ങള്‍ ഉള്ളവരും കുട്ടികളും അടങ്ങുന്ന സംഘങ്ങളാണ് തമിഴ്നാട്ടില്‍നിന്നു നെടുങ്കണ്ടം ടൗണിന്റെ വിവിധ സ്ഥലങ്ങളിലും തൂക്കുപാലം അടക്കമുള്ള പ്രദേശങ്ങളിലും എത്തുന്നത്.
പലരുടെയും കാലുകളും കൈകളും വ്രണങ്ങള്‍ പൊട്ടിയൊലിച്ച നിലയിലാണ്. അടുത്തിടെ കമ്പംമെട്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കുഷ്ഠരോഗം കണ്ടെത്തിയിരുന്നു.
ഇതിനാല്‍ പ്രദേശവാസികള്‍ വലിയ ആശങ്കയിലാണ്. കൂടാതെ കുറുവാ സംഘത്തിന്റെ കഥകളും പ്രചരിച്ചതോടെ ഇത്തരക്കാരെ ഭീതിയോടെയാണ് കാണുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് പൂര്‍ണമായും യാചക നിരോധിതമേഖലയാണ്.
എന്നാല്‍, ദിവസേന പത്തിലധികം യാചകരാണ് തമിഴ്നാട്ടില്‍നിന്നുമുള്ള ബസില്‍ കയറി നെടുങ്കണ്ടത്തെത്തി പിരിവ് നടത്തിയ ശേഷം വൈകുന്നേരം മടങ്ങുന്നത്. പൊതുജനങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ഡി. ജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി യാചകരെ തിരിച്ചയച്ചു. മേലില്‍ എത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച തമിഴ്നാട് സ്വദേശികളായ കുട്ടികള്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പണപ്പിരിവ് നടത്തിയിരുന്നു. ശബരിമലയ്ക്കുള്ള നേര്‍ച്ച എന്ന വ്യാജേനയാണ് ഇവര്‍ ഇറങ്ങിയത്. ഇവരെ പോലീസ് മടക്കിയയച്ചിരുന്നു.