റിസോർട്ടിലെ ചാരായം വാറ്റ്: സിപിഎം നേതാക്കളെ റിമാൻഡു ചെയ്തു
1484994
Saturday, December 7, 2024 3:49 AM IST
ഉപ്പുതറ: റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതിനിടെ പിടിയിലായ സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പടിക്കൽ പി.എ. അനീഷ് (49), സഹായി വാഗമൺ വട്ടപ്പതാൽ പുത്തൻവീട്ടിൽ അജ്മൽ മുഹമ്മദ് (38) എന്നിവരെ പീരുമേട് കോടതി റിമാൻഡു ചെയ്തു.
ബുധനാഴ്ച രാത്രിയിലാണ് ജില്ലാ പോലീസ് മേധാവിയുടെ സ്പഷൽ സ്ക്വാഡും സിഐ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വാഗമൺ പോലീസും ചേർന്നു നടത്തിയ റെയ്ഡിൽ ഇരുവരും പിടിയിലായത്.
വാറ്റുന്നതിന് പാകപ്പെടുത്തിയ 200 ലിറ്റർ കോടയും ഒരു ലിറ്ററോളം ചാരായവും പോലീസ് കണ്ടെടുത്തു. പൂഞ്ഞാർ സ്വദേശി മണ്ഡപത്തിൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഗമൺ കണ്ണംകുളത്തെ റിസോർട്ട്.
പാർട്ടിയിൽനിന്നു പുറത്താക്കി
വാഗമൺ: ചാരായം വാറ്റിയെന്ന കേസിൽ പ്രതികളായ പി.എ. അനീഷ്, അജ്മൽ മുഹമ്മദ് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും പുറത്താക്കിയതായി സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എൻ. കുശൻ അറിയിച്ചു.