തൊടുപുഴ നഗരത്തിൽ ഗതാഗതതടസം സൃഷ്ടിച്ച ഉന്തുവണ്ടികൾ പിടികൂടി
1461102
Tuesday, October 15, 2024 12:37 AM IST
തൊടുപുഴ: നഗരത്തിൽ ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് പ്രധാന പാതയിൽ നിന്ന് നഗരസഭാധികൃതർ വഴിയോരകച്ചവടക്കാരുടെ ഉന്തുവണ്ടികൾ പിടികൂടി. പിടിച്ചെടുത്ത ഉന്തുവണ്ടികൾ നഗരസഭാ ഓഫീസിനു താഴെയുള്ള പാർക്കിംഗ് ഏരിയയിൽ എത്തിച്ചപ്പോൾ കച്ചവടക്കാർ ഇവിടെത്തന്നെ പച്ചക്കറികളും പഴങ്ങളും മറ്റും വിറ്റഴിച്ചു.
വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും തടസം സൃഷ്ടിച്ച് റോഡരികിൽ കച്ചവടം നടത്തിയ മൂന്ന് ഉന്തുവണ്ടികളാണ് ഇന്നലെ നഗരസഭാധികൃതർ പിടിച്ചെടുത്തത്. ഇവയിൽ വിൽപ്പനയ്ക്കുള്ള പച്ചക്കറികളും പഴങ്ങളുമുണ്ടായിരുന്നു. തുടർന്ന് ഇതിന്റെ ഉടമകളായ കച്ചവടക്കാർ പച്ചക്കറികളും പഴവർഗങ്ങളും ആളുകളെ വിളിച്ചുകൂട്ടി അവിടെ വച്ച് വീണ്ടും വിൽപ്പന നടത്തുകയായിരുന്നു.
പാലത്തോടു ചേർന്നുള്ള പാർക്കിംഗ് ഏരിയയിൽ ഇവ വിൽക്കുന്നത് കണ്ട് നഗരസഭയിലെ ചില ജീവനക്കാരും സാധനം വാങ്ങി ഇവരെ സഹായിച്ചു.
തകൃതിയായി കച്ചവടം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ചില നഗരസഭാ കൗണ്‍സിലർമാർ മുനിസിപ്പൽ സെക്രട്ടറിയെ വിവരം അറിയിച്ചു. ഇതോടെ പാർക്കിംഗ് ഏരിയയിലെ കച്ചവടം ആരോഗ്യ വിഭാഗം ജീവനക്കാർ നിർത്തിച്ചു. തുടർന്ന് കച്ചവടക്കാർ ബാക്കി പച്ചക്കറികളും മറ്റും ചാക്കിലാക്കി കൊണ്ടുപോയി. ഇപ്പോൾ ഉന്തു വണ്ടികൾ പാർക്കിംഗ് ഏരിയയിൽത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചീഞ്ഞുപോകുന്ന സാധനങ്ങൾ ആയതിനാൽ അവരെ സഹായിക്കാനാണ് പച്ചക്കറികളും മറ്റും വാങ്ങിയതെന്നാണ് നഗരസഭാ ജീവനക്കാർ പറഞ്ഞത്.
നഗരത്തിൽ ഗതാഗതതടസം സൃഷ്ടിച്ച് പല മേഖലകളിലും ഇത്തരത്തിലുള്ള ഉന്തുവണ്ടികളും വഴിയോര കച്ചവടവും വ്യാപകമാകുന്നതായി പരാതികൾ ശക്തമാകുന്പോൾ അനധികൃത കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുമെങ്കിലും പിന്നീട് വീണ്ടും ഇത്തരം സ്ഥലങ്ങൾ കച്ചവടക്കാർ കൈയേറുന്നതാണ് പതിവ്.
കഴിഞ്ഞ ദിവസം ചേർന്ന കൗണ്‍സിലിലും വിഷയം ചർച്ചയായിരുന്നു. അനധികൃത കച്ചവടത്തിനെതിരെ നടപടി വേണമെന്ന് കൗണ്‍സിലർമാർ ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.