തർക്കത്തെത്തുടർന്ന് വീണു പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ; അയൽവാസി അറസ്റ്റിൽ
1460682
Saturday, October 12, 2024 2:45 AM IST
നെടുങ്കണ്ടം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വീണു പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. അയൽവാസി അറസ്റ്റിൽ. മഞ്ഞപ്പെട്ടി സ്വദേശി മഠത്തിൽപറമ്പിൽ ജോസ് സ്കറിയയാണ് (57) നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.
ഇയാളുടെ അയൽവാസി വരിക്കപ്ലാവിലയിൽ തങ്കപ്പനാണ് (72) പരിക്കേറ്റത്. തങ്കപ്പന്റെ വീട്ടിൽ ജോലിചെയ്തയാൾക്ക് നൽകിയ കൂലിയെക്കുറിച്ച് ഇരുവരും തമ്മിൽ പിടിവലിയുണ്ടാവുകയും ഇതിനിടയിൽ ഇരുവരും ഉയരമുള്ള തിട്ടയിൽനിന്നും വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
തങ്കപ്പനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തുടർന്ന് മധുര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്കിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായി.
നെടുങ്കണ്ടം സിഐ ജെർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.