എൽഡിഎഫ് നടത്തുന്നത് സമര നാടകം: കോണ്‍ഗ്രസ്
1460536
Friday, October 11, 2024 6:22 AM IST
തൊടുപുഴ: നഗരസഭയിൽ ചെയർപേഴ്സണ്‍ രാഷ്ട്രീയ നാടകം നടത്തുകയാണെന്ന് കോണ്‍ഗ്രസ് മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ് കെ. ദീപക് ആരോപിച്ചു.
അധികാരത്തിലെത്തി ഒരു മാസത്തിനകം നഗരത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയിട്ട് അത് സാധിക്കാത്തതിനുള്ള ജാള്യത മറയ്ക്കുന്നതിന് നഗരസഭാ സെക്രട്ടറിയെ ഓഫീസിൽ തടഞ്ഞു വയ്ക്കുന്നതിനായി സ്വന്തം പാർട്ടിക്കാരെത്തന്നെ പറഞ്ഞുവിടുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
2024-25 വർഷത്തെ പദ്ധതിക്ക് രൂപം നൽകി കൗണ്‍സിൽ അംഗീകരിച്ച് ഡിപിസി അംഗീകാരത്തിനായി അയച്ചിട്ട് മാസങ്ങളായെങ്കിലും പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടില്ല. പഞ്ചായത്തുകൾ പോലും പദ്ധതികൾക്ക് അംഗീകാരം നേടി ടെൻഡർ നടപടികൾ ആരംഭിച്ചു. എന്നാൽ നഗരസഭാ ഭരണനേതൃത്വം പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുന്നതിന് യാതൊരുവിധ ശ്രമവും നടത്തിയിട്ടില്ല. 35 വാർഡുകളിലെയും നഗരത്തിലെയും ഭൂരിപക്ഷം വഴിവിളക്കുകളും കണ്ണടച്ചിട്ട് മാസങ്ങളായി. കരാറുകാരെ വിളിച്ചുവരുത്തി അറ്റകുറ്റപ്പണികൾ നടത്തുന്ന കാര്യം കൗണ്‍സിലിൽ ഭരണപ്രതിപക്ഷ ഭേദമന്യേ ആവശ്യപ്പെട്ടിട്ടും തീരുമാനം ഉണ്ടാകുന്നില്ല.
കൗണ്‍സിൽ തീരുമാനം മറികടന്നു കരാറുകാരന് തുക നൽകിയിരുന്നു. ഇത് വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കൗണ്‍സിലിൽ തീരുമാനിച്ചിരുന്നു. എന്നാൽ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുത ഇതായിരിക്കെ നഗരസഭാ സെക്രട്ടറിയെ തടഞ്ഞുവച്ചത് കഴിവുകേടുകൾ മറച്ചുവയ്ക്കുന്നതിനാണെന്നും അദ്ദേഹം ആരോപിച്ചു.