ഇഎസ്എ സമയപരിധി നീട്ടണം: കത്തോലിക്ക കോണ്ഗ്രസ്
1459875
Wednesday, October 9, 2024 6:00 AM IST
ഇടുക്കി: ഇഎസ്എ ആറാമത് കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി 60 ദിവസത്തേക്കു കൂടി നീട്ടണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനത്തിൽ നിർദേശിക്കുന്നതുപോലെ ഏരിയാ നിർണയം നടത്തിയ ഫയലുകൾ യഥാസമയം പ്രസിദ്ധീകരിക്കാതിരുന്നതിനാലും വ്യത്യസ്തമായ മൂന്നു മാപ്പ് ഫയലുകൾ പ്രസിദ്ധീകരിക്കപ്പെട്ടത് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിനാലും ജനങ്ങൾക്ക് വ്യക്തത നൽകി പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുകയോ ഒരിക്കൽകൂടി കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്യണം.
ജനവാസ മേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി സംസ്ഥാന സർക്കാർ തയാറാക്കി നിലവിൽ ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അന്തിമ മാപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇത്തരത്തിൽ ഗോവ സർക്കാർ സമർപ്പിച്ച ഇഎസ്എ നിർദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു നൽകിയ ഉത്തരവിനു സമാനമായി സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്ക് അംഗീകാരം ലഭിക്കാത്തതാണ് ആശങ്കയുടെ അടിസ്ഥാനം.
സംസ്ഥാന സർക്കാരിന്റെ നിർദേശം കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചില്ലെങ്കിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്പോൾ ഒട്ടേറെ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടേക്കാം എന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. ഇതിനു പുറമേ ഇഎസ്എ പരിധിയിൽ ഉൾപ്പെടേണ്ട ചില റിസർവ് വനമേഖലകൾ സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രപ്പോസലിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന സൂചനയുമുണ്ട്.
മൈൻ, ക്വാറി മാഫിയകളുടെ അനധികൃത ഇടപെടൽ ഇക്കാര്യങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്നും സംശയമുയരുന്നുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും പ്രദേശങ്ങൾ അനർഹമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ തിരിച്ചറിയുന്ന പക്ഷം സംസ്ഥാനസർക്കാർ നൽകിയിട്ടുള്ള അവസാന പ്രപ്പോസലിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനും കോടതി നിരീക്ഷണം വിപരീതഫലം ഉളവാക്കുന്നതിനും ഇടവരുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളിൽ സുതാര്യവും ജനകീയവുമായ നിലപാട് സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.
ഇഎസ്എ പരിധിയിൽനിന്ന് ജനവാസ മേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതിനോടൊപ്പം ഈ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകൾ ഉൾപ്പെടെയുള്ള യാത്രാമാർഗങ്ങളും അവയുടെ കാച്ച്മെന്റ് ഏരിയയും പ്രദേശത്തിന്റെ വികസനം മുൻനിർത്തി പൂർണമായി ഒഴിവാക്കണമെന്നും രൂപതാ സമിതി ആവശ്യപ്പെട്ടു. ആശങ്ക ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സാധാരണക്കാർക്ക് വ്യക്തമാകുന്ന വിധത്തിൽ കഡസ്ട്രൽ മാപ്പ് തയാറാക്കി പ്രസിദ്ധീകരിക്കണം.
ഇടുക്കി രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോസഫ് പാലക്കുടിയിൽ, രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴിയിൽ, ട്രഷറർ ജോസഫ് ചാണ്ടി തേവർ പറന്പിൽ, യൂത്ത് കൗണ്സിൽ രൂപത കോ-ഓർഡിനേറ്റർ ആദർശ് മാത്യു, ജോസ് തോമസ് ഒഴുകയിൽ, സാബു കുന്നുംപുറം, ബിനോയ് കളത്തുക്കുന്നേൽ, ജോളി ജോണ്, ആഗ്നസ് ബേബി, റിൻസി സിബി, മിനി ഷാജി, ജോയ്സ് ചുമ്മാർ എന്നിവർ പ്രസംഗിച്ചു.